Skip to main content

ശുചിത്വം സുന്ദരം എന്റെ എടയൂര്‍:

 മാലിന്യ മുക്ത പദ്ധതികള്‍ക്ക് മാതൃകയായി എടയൂര്‍ പഞ്ചായത്ത്
എടയൂര്‍ പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 'ശുചിത്വം സുന്ദരം എന്റെ എടയൂര്‍' പദ്ധതി ശ്രദ്ധേയമാകുന്നു. മാലിന്യ മുക്ത പഞ്ചായത്തെന്ന ലക്ഷ്യവുമായി വിവിധ പദ്ധതികളാണ് എടയൂര്‍ പഞ്ചായത്തില്‍ അധികൃതര്‍ നടപ്പിലാക്കി വരുന്നത്.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഖര-അജൈവ മാലിന്യങ്ങള്‍ സൗജന്യമായി ശേഖരിച്ച് പുനഃചംക്രമണത്തിനായി നല്‍കുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്.  പദ്ധതിയുടെ ഭാഗമായി ഇതുവരെയായി എട്ട് ടണ്ണോളം ഖര - അജൈവ മാലിന്യങ്ങളാണ് പഞ്ചായത്ത് ശേഖരിച്ച്   പുനഃ ചംക്രമണത്തിനായി നല്‍കിയത്. ശുചിത്വ മിഷനും ആക്രി കച്ചവടക്കാരുടെ സംഘടനയായ കെ.എസ്.എം.എയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആഗസ്റ്റ് മാസത്തോടെ ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളും സജീവമാകുന്നതോടെ മാലിന്യ മുക്ത പഞ്ചായത്തെന്ന ലക്ഷ്യം സാധ്യമാകും.  
പൊതു സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍:
വീടും പരിസരവും വൃത്തിയാക്കിയാലും പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപങ്ങള്‍ക്ക് കുറവ് വരുന്നില്ല എന്നത് പലപ്പോഴും അധികൃതരെ വലക്കുകയാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് പത്തോളം നിരീക്ഷണ ക്യാമറകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്. ഇത് ഒരു പരിധിവരെ പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപങ്ങള്‍ക്ക് തടയിടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
സ്‌കൂളുകളില്‍ ബയോഗ്യാസ് പ്ലാന്റ്:
സ്‌കൂളുകളിലെ ഭക്ഷണാവിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ളവ സംസ്‌കരിക്കാനും സ്‌കൂള്‍ പരിസരം വൃത്തിയാക്കാനും ലക്ഷ്യമിട്ടാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിക്ക് പഞ്ചായത്ത് തുടക്കമിട്ടത്. ആദ്യ ഘട്ടത്തില്‍ വടക്കുംപുറം, അത്തിപ്പറ്റ എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളുകളിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. തുടര്‍ന്ന് പഞ്ചായത്തിലെ മറ്റ് സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് കെ.കെ.രാജീവ് മാസ്റ്റര്‍ പറഞ്ഞു.

 

date