വിഷരഹിത പച്ചക്കറിയുമായി ഏനാദിമംഗലം പഞ്ചായത്ത്
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ജൈവ പഴം പച്ചക്കറി വിപണി, ബയോഫാര്‍മസി, വിള ആരോഗ്യക്ലിനിക്ക്, ഉത്പാദന യൂണിറ്റുകള്‍ എന്നിവ ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്. വിഷാംശമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍
ജൈവ ഉത്പന്നങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുക, വിളകളുടെ ശാസ്ത്രീയ പരിപാലനം സംബന്ധിച്ച് കര്‍ഷകര്‍ക്ക് അറിവ് പകരുക, ജൈവോത്പാദനോപാദികള്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പഞ്ചായത്ത് വിവിധ പദ്ധതികള്‍ ആരംഭിച്ചിട്ടുള്ളത്. നാലരലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ ഇക്കോഷോപ്പും ബയോഫാര്‍മസിയും ജില്ലാ പഞ്ചായത്തംഗം ആര്‍.ബി രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാരമേശ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജ്പ്രകാശ് ഉത്പാദന യൂണിറ്റും ജില്ലാ പ്രിന്‍സിപ്പില്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ് വിള ആരോഗ്യക്ലിനിക്കും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി. രാജഗോപാലന്‍ നായര്‍ ആദ്യവില്‍പ്പന നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ക്ലസ്റ്റര്‍ പ്രസിഡന്റ് ആര്‍. സുദര്‍ശനന്‍, സെക്രട്ടറി എന്‍.വിജയന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതിയിന്‍കീഴില്‍ ജൈവകീടനിയന്ത്രണോപാധികള്‍, ജൈവവളങ്ങള്‍, ജൈവജീവാണുവളങ്ങള്‍, ഫിറമോണ്‍ കെണികള്‍ എന്നിവ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കും. കീടരോഗസംശയങ്ങള്‍ക്കുള്ള പ്രതിവിധിയുമായാണ് വിള ആരോഗ്യ ക്ലിനിക്ക് ആരംഭിച്ചത്. കൂടാതെ വിവിധ കാര്‍ഷിക വിഷയങ്ങളെ അധികരിച്ചുള്ള പരിശീലനങ്ങളും ഇവിടെയുണ്ട്. വിദഗ്ധപരിശീലനം ലഭിച്ച കൃഷി ഓഫീസര്‍മാരുടെ സേവനം കര്‍ഷകര്‍ക്ക് സൗജന്യമായി ലഭിക്കും. കീടരോഗനിര്‍ണയം പ്രതിവിധി, മണ്ണ് പരിശോധന , വിവിധയിനം ജൈവകീട കുമിള്‍ നാശിനികള്‍, ജീവാണു കുമിള്‍ നാശിനികള്‍ എന്നിവയെക്കുറിച്ച് മനസിലാക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്. കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വിഷരഹിത ജൈവപച്ചക്കറികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
- Log in to post comments