വയോജനങ്ങള്‍ക്ക് പുസ്തകങ്ങളുമായി കൂട്ടുകൂടാന്‍ അവസരമൊരുക്കി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച വയോജന ക്ലബുകളോടനുബന്ധിച്ച് വായനമുറികള്‍ ഒരുക്കുന്നു. വയോജനങ്ങളുടെ മാനസികോല്ലാസമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ബ്ലോക്കിലെ ഇരുപത്തിയാറ് വയോജനക്ലബ്ബുകള്‍ കേന്ദ്രീകരിച്ചാണ് വായനാമുറി പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടങ്ങളുള്ള അംഗന്‍വാടികളിലാണ് വയോജനക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. അംഗന്‍വാടികളിലെ കുട്ടികളുടെ പഠനസമയത്തിന് ശേഷം വൈകുന്നേരങ്ങളിലാണ് ക്ലബിന്റെ കൂട്ടായ്മ. ഇതിനായി ക്ലബുകള്‍ക്ക് 1.5 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് നല്‍കിയിരിക്കുന്നത്.
വയോജനങ്ങള്‍ക്ക് മാനസികോല്ലാസത്തിനും ഒന്നിച്ചുചേരുവാനും വേദിയാവുകയാണ് വയോജന ക്ലബ്ബ്. വായിക്കുവാന്‍ പുസ്തകങ്ങളും വിനോദത്തിനായി ചെസ് ബോര്‍ഡ്, കാരംസ് ബോര്‍ഡ് എന്നിവയും ടിവി കാണാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ മേശ, കസേര, അലമാര എന്നിവയും നല്‍കിയിട്ടുണ്ട്. അംഗങ്ങള്‍ക്കായി ആരോഗ്യവകുപ്പിന്റെ കീഴില്‍ ക്ലാസുകളും വൈദ്യപരിശോധനയും നടത്തി വരുന്നു. സാമൂഹ്യപ്രവര്‍ത്തകര്‍ നയിക്കുന്ന ക്ലാസുകളും, വിനോദയാത്രയും പദ്ധതിയിലുള്‍പ്പെടുത്താനാണ് തീരുമാനം. ഒരു ബ്ലോക്ക് ഡിവിഷനില്‍ രണ്ട് വയോജനക്ലബ്ബ് എന്ന നിലയില്‍ ബ്ലോക്കിലെ 13 ഡിവിഷനുകളിലായി ഇരുപത്തിയാറ് ക്ലബ്ബുകളാണ് പ്രവര്‍ത്തിക്കുന്നത്.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പ്രോജക്ടാണ് വയോജനക്ലബ്ബും വായനമുറിയും. പതിമൂന്ന് ലക്ഷം രൂപയാണ് പദ്ധതി ചെലവ്.. ഈ വര്‍ഷം വയോജനക്ലബ്ബിനായി എട്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആശകളും ആകുലതകളും പങ്ക് വയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ക്ലബ്ബില്‍ ഇതിനോടകം നൂറോളം പേര്‍ അംഗങ്ങളായിക്കഴിഞ്ഞു.
വയോജന ക്ലബുകളില്‍ തുടങ്ങിയ വായനമുറിയുടെ ഉദ്ഘാടനം ആനിക്കാട് തടത്തില്‍ പുരയിടം അംഗനവാടിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കുഞ്ഞുകോശി പോള്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.ശ്രീദേവി അധ്യക്ഷത വഹിച്ചു. എ.സി. തങ്കസ്വാമി, ടി.എ. അഗസ്റ്റീന, ഡോ. അഞ്ജലി കൃഷ്ണ, വനജകുമാരി എ.സി എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments