സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കാന്‍ ഭരണപരിഷ്കാര കമ്മീഷന് ഇടപെടുന്നു
സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുന്നതിന് ഭരണപരിഷ്കാര കമ്മീഷന് ഇടപെടുന്നു. ഇരുവിഭാഗങ്ങള്‍ക്കും നേരേ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, ഈ വിഷയത്തില്‍ താത്പര്യമുള്ള വ്യക്തികള്‍ എന്നിവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടും. ഇതോടൊപ്പം വിവിധ സാമൂഹ്യക്ഷേമ നിയമങ്ങള്‍ സംബന്ധിച്ചും കമ്മീഷന് പഠനം നടത്തുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളും കമ്മീഷന് പഠനവിഷയമാക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമാണോയെന്ന് കമ്മീഷന് പരിശോധിക്കും. ഈ വിഷയത്തിലുള്ള വിവിധ നിയമങ്ങളുടെ അവലോകനം, നിയമം പ്രാവര്‍ത്തികമാക്കുന്നതിന് സ്വീകരിച്ച മാര്‍ഗങ്ങള്‍, ഫണ്ടിന്റെ ലഭ്യത, ചുമതലപ്പെട്ട സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍, ചുമതല നിര്‍വഹിക്കുന്നതിന് സ്ഥാപനങ്ങള്‍ക്കുള്ള കാര്യപ്രാപ്തി, പൊതുസമൂഹത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്താനാണ് ഭരണപരിഷ്കാര കമ്മീഷന്റെ തീരുമാനം. നിര്‍ദ്ദേശങ്ങള്‍ തേടുമ്പോള്‍ സര്‍ക്കാരിതര സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും.
ഈ വിഷയത്തില്‍ വിവിധ വിഭാഗങ്ങളുടെ അഭിപ്രായം അറിയുന്നതിന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കമ്മീഷന്റെ നേതൃത്വത്തില്‍ പൊതു ഹിയറിംഗുകള്‍ സംഘടിപ്പിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച് ഡിസംബര്‍ അഞ്ചിന് രാവിലെ പത്തു മണിക്ക് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേംബറില്‍ ഭരണപരിഷ്കാര കമ്മീഷന് അദ്ധ്യക്ഷന്‍ വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഹിയറിംഗ് സംഘടിപ്പിച്ചിട്ടുണ്ട്. ചെയര്‍മാനൊപ്പം അംഗങ്ങളും ഹിയറിംഗില്‍ പങ്കെടുക്കും. താത്പര്യമുള്ളവര്‍ക്ക് നേരിട്ടെത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം എഴുതി അയയ്ക്കുകയും ചെയ്യാം.
പി.എന്‍.എക്സ്.4978/17
- Log in to post comments