Skip to main content

പന്നിശല്യം രൂക്ഷം; വെടിവയ്ക്കാന്‍ അനുമതി വേണം പത്തനംതിട്ട റിംഗ് റോഡിന്‍റെ അതിര്‍ത്തി നിര്‍ണയ  സര്‍വേ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം

 

പത്തനംതിട്ട റിംഗ് റോഡിന്‍റെ അതിര്‍ത്തി നിര്‍ണയ സര്‍വേ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് എഡിഎം അനു എസ്. നായരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി  യോഗം കോഴഞ്ചേരി തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍വേ നടപടികള്‍ വൈകുന്നത് ഗുരുതരമായ അനാസ്ഥയാണെന്നും എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും വിഷയം ഉന്നയിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. അതിര്‍ത്തി നിര്‍ണയിച്ച ശേഷം കല്ലിടണമെന്നും എല്ലാ ദിവസത്തെയും പുരോഗതി തഹസീല്‍ദാര്‍ നേരിട്ട് വിലയിരുത്തുകയും പ്രതിദിന റിപ്പോര്‍ട്ട്  നല്‍കണമെന്നും എഡിഎം പറഞ്ഞു. റിംഗ് റോഡിലെ ആകെയുള്ള 11.6 കിലോമീറ്റര്‍ റോഡില്‍ 1.6 കിലോമീറ്ററിന്‍റെ സര്‍വേ മാത്രമേ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുള്ളു. ഹെഡ് സര്‍വെയര്‍ ഉള്‍പ്പെടെ ആറു പേരെ സര്‍വേ നടപടികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ യോഗം കോഴഞ്ചേരി തഹസീല്‍ദാര്‍ വിളിച്ചു ചേര്‍ക്കുകയും സമയബന്ധിതമായി നടപടി പൂര്‍ത്തീകരിക്കുകയും ചെയ്യണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. 
    ജില്ലയില്‍ വനമേഖലയില്‍ മാത്രമല്ല, നാട്ടിന്‍ പുറങ്ങളിലും പന്നിയുടെ ശല്യം രൂക്ഷമായിരിക്കുകയാണെന്നും ഇവയെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വെടിവയ്ക്കുന്നതിന് അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കണമെന്നും രാജു ഏബ്രഹാം എംഎല്‍എ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വന്യമൃഗശല്യം   കുറയ്ക്കുന്നതിന് സോളാര്‍ വേലിയുടെ നിര്‍മാണം കൂടുതല്‍  സ്ഥലത്തേക്ക് വ്യാപിപ്പിക്കണം. വളരെ ഗുരുതരമായ സ്ഥിതിയാണുള്ളത്. പലയിടത്തും കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ പറ്റാത്ത സ്ഥിതിയുണ്ടെന്നും പരിഹാരം വേണമെന്നും എംഎല്‍എ പറഞ്ഞു. പകല്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന പന്നികള്‍ രാത്രിയില്‍ പുറത്തിറങ്ങി കിഴങ്ങു വര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോത്പന്നങ്ങള്‍ നശിപ്പിക്കുന്നുണ്ടെന്ന് റാന്നി ഡിഎഫ്ഒ പറഞ്ഞു. റാന്നി വനം ഡിവിഷനു കീഴില്‍ 23 കിലോമീറ്റര്‍ ദൂരം സോളാര്‍ വേലി നിര്‍മിക്കുന്നതിന് 18 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. 120 കിലോമീറ്റര്‍  സ്ഥലത്ത് എങ്കിലും സോളാര്‍ വേലി നിര്‍മിച്ചെങ്കിലേ വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍  സാധിക്കുകയുള്ളെന്നും ഡിഎഫ്ഒ പറഞ്ഞു. ജില്ലയിലെ ഒന്‍പത്  റോഡുകളുടെ നവീകരണം പൂര്‍ത്തിയായതായും 103 എണ്ണം പുരോഗമിക്കുകയാണെന്നും പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു. ബാക്കി റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. 
    കാറ്റാറ്റ് പാടശേഖരത്തില്‍ പമ്പ ജലസേചന പദ്ധതിയുടെ കനാലുമായി ബന്ധപ്പെട്ട ചോര്‍ച്ച പരിഹരിക്കുന്നതിന് കൃത്യമായ നടപടിയുണ്ടാകണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. വെള്ളം കയറിയതുമൂലം കഴിഞ്ഞ തവണ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടായത്. കാരംവേലിയില്‍ മൂന്നു സ്കൂളുകളുള്ളത് കണക്കിലെടുത്ത് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് റോഡില്‍ സ്റ്റഡ് സ്ഥാപിക്കണം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍മിക്കാന്‍ പോകുന്ന ഏഴു  നില കെട്ടിടത്തിന്‍റെ പ്ലാന്‍ ലഭ്യമായാല്‍ ഡിസംബര്‍ 10ന് ഉള്ളില്‍ ആശുപത്രി വികസന സമിതി യോഗത്തില്‍ വയ്ക്കുമെന്ന് എംഎല്‍എ പറഞ്ഞു.  തച്ചംപടി കണ്ണങ്കര തോടിന്‍റെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയെന്നും മല്ലപ്പുഴശേരി പഞ്ചായത്തിലെ 47 ഹെക്ടര്‍  തരിശ് പാടം കൃഷി യോഗ്യമാക്കുന്നതിന്‍റെ ഭാഗമായി പന്നിവേലിച്ചിറ ഷട്ടര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി എസ്റ്റിമേറ്റ് സമര്‍പ്പിച്ചെന്നും മൈനര്‍ ഇറിഗേഷന്‍ അറിയിച്ചു. ഇവിടുത്തെ തോടിന്‍റെ പുനരുദ്ധാരണത്തിന് കൃഷി വകുപ്പ് മുഖേനയും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. കോയിപ്രം ഇരപ്പന്‍തോട് കനാലില്‍ നിന്ന് സമീപ പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുന്നതിന് പരിഹാരം കാണുന്നതിന്‍റെ ഭാഗമായി അപാകതയുള്ള ഭാഗം കൂടുതല്‍ വിസ്തൃതിയില്‍ പുനര്‍നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കും. നാരങ്ങാനം മണ്ണാറമല പദ്ധതിയുടെ പൈപ്പ് ലൈന്‍  സ്ഥാപിക്കുന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ക്ക് സമര്‍പ്പിച്ചതായും ആലുങ്കല്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചതായും വാട്ടര്‍ അതോറിറ്റി അറിയിച്ചു. കുമ്പഴ-കണ്ണങ്കര റോഡിലുള്ള ഫയര്‍ സ്റ്റേഷന് സമീപം സ്റ്റഡ് സ്ഥാപിച്ചതായി പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു. പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ ഓടയ്ക്ക് മുകളില്‍ സ്ലാബിട്ട് മൂടുന്ന പ്രവൃത്തി പൂര്‍ത്തിയായി. കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനു മുന്‍പായി വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള വിതരണ ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി വരുന്നതായി വാട്ടര്‍  അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. വീണാ ജോര്‍ജ് എംഎല്‍എയുടെ നിര്‍ദേശാനുസരണം വാട്ടര്‍  അതോറിറ്റിയുടെയും പൊതുമരാമത്ത് നിരത്തു വിഭാഗത്തിന്‍റെയും ഉദ്യോഗസ്ഥര്‍ സംയുക്ത സ്ഥല പരിശോധന നടത്തിയിരുന്നു. തിരുവല്ല-കുമ്പഴ റോഡില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് 22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും റോഡ് സുരക്ഷാ സമിതി  യോഗത്തില്‍ സമര്‍പ്പിക്കുമെന്നും ആര്‍ടിഒ അറിയിച്ചു. കോഴഞ്ചേരി പഴയ തെരുവില്‍ ക്യാമറ സ്ഥാപിക്കുന്നതിന് ഒന്‍പത് ലക്ഷം രൂപയുടെ അനുമതി ലഭിച്ചു. മല്ലപ്പുഴശേരി പഞ്ചായത്തില്‍ 55 കിണറുകള്‍ റീചാര്‍ജിംഗ് നടത്തിയതായി ദാരിദ്ര്യ ലഘൂകരണ വിഭാഗം അറിയിച്ചു. 
    പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. സമയക്രമം നിശ്ചയിച്ച് നടപടി വേഗമാക്കണം. ഇതിനായി ജില്ലാ കളക്ടര്‍ ഉടന്‍ യോഗം വിളിക്കണം. റോഡ് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തി പൊതുമരാമത്ത് സെക്രട്ടറി മുഖേന റവന്യു സെക്രട്ടറിക്ക് ഫയല്‍ നല്‍കുന്നതിന് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ നടപടി വേഗമാക്കണം. നവീകരിച്ച  റോഡുകളില്‍ സെന്‍ട്രല്‍ ലൈന്‍  എത്രയും വേഗം വരയ്ക്കണമെന്നും രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. റാന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് രൂപരേഖ തയാറാക്കണം. റാന്നി അങ്ങാടി, കൊറ്റനാട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ വിശദ പദ്ധതിരേഖ  തയാറാക്കുന്നതിന് പ്രോജക്ട് പ്ലാനിംഗ് ഡെവലപ്മെന്‍റ് വിഭാഗത്തോട് അഭ്യര്‍ഥിച്ച് കത്ത് നല്‍കിയതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു.വെച്ചൂച്ചിറ പോളിടെക്നിക്ക് കെട്ടിടത്തിന്‍റെ അക്കാദമിക് ബ്ലോക്കിന്‍റെ ടൈല്‍സ് വര്‍ക്ക് പൂര്‍ത്തിയായതായും പെയിന്‍റിംഗ് വര്‍ക്ക് പുരോഗമിക്കുന്നതായും പൊതുമരാമത്ത് കെട്ടിട വിഭാഗം അറിയിച്ചു. മാര്‍ച്ചോടെ ഈ കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകും. പെരുനാട് മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ലെവലിംഗ് പണികള്‍ പൂര്‍ത്തിയായി, സെല്ലാര്‍ ഫുട്ടിംഗ് വര്‍ക്ക് ആരംഭിച്ചതായും ആറډുള പോലീസ് സ്റ്റേഷന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി 26 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതായും ആറډുള മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തെ കാട് വെട്ടിത്തെളിക്കുന്നതിനും പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതിനുമുള്ള ജോലികള്‍  കരാറുകാരനെ ഏല്‍പ്പിച്ചതായും പൊതുമരാമത്ത് കെട്ടിട വിഭാഗം അറിയിച്ചു. പേരൂച്ചാല്‍  പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ ഭരണാനുമതി ലഭിച്ചതായും എസ്റ്റിമേറ്റ് തുടര്‍ നടപടിക്കായി സമര്‍പ്പിച്ചതായി പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു.     
    തിരുവല്ല രാമന്‍ചിറയില്‍ ബൈപ്പാസ് തുടങ്ങുന്ന ഭാഗത്തെ കലുങ്കിന്‍റെ പണി വൈകുന്നത് ഗതാഗത തടസത്തിനു കാരണമാകുന്നുണ്ടെന്നും ശബരിമല തീര്‍ഥാടനം തുടങ്ങിയ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്‍റെ പ്രതിനിധി അലക്സ് കണ്ണമല പറഞ്ഞു. എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് എല്‍എസ്ജിഡി നടത്തുന്ന പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണം. കവിയൂര്‍-ചങ്ങനാശേരി റോഡില്‍ കുഴികള്‍ മൂലം യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. ഞാലിക്കണ്ടം എസ്ബിഐയ്ക്കു മുന്‍പിലെ ചപ്പാത്തിലും സമീപത്തുമായി രൂപപ്പെട്ടിട്ടുള്ള കുഴി അടയ്ക്കണം. ഈ റോഡിലെ കുഴികള്‍ ഈമാസം 30ന് ഉള്ളില്‍ അടയ്ക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു. 
മുല്ലേലി തോട്ടിലെ പോള വാരല്‍ തീര്‍ന്നതായും ലെവല്‍സ് എടുക്കുന്ന പ്രവൃത്തി നടന്നുവരുന്നതായും മൈനര്‍  ഇറിഗേഷന്‍  എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്‍റെ പ്രതിനിധി അലക്സ് കണ്ണമലയെ അറിയിച്ചു. നിരണം പഞ്ചായത്തിലെ ആശാന്‍കുടിയില്‍ മടവീണ് വീടുകള്‍ ഒറ്റപ്പെട്ട സംഭവത്തില്‍ ജലസേചന ഷട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്.മട വീണ ഭാഗം ചാക്ക് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിരുന്നു. കോലറയാറുമായി ബന്ധപ്പെട്ട പുനരുദ്ധാരണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്ക് സമര്‍പ്പിച്ചു. പനച്ചിമൂട്ടില്‍ കടവ് പാലത്തിനു സമീപം സൈഡ് കെട്ടുന്ന പ്രവൃത്തിക്കായി സാധന സാമഗ്രികള്‍  ശേഖരിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കി. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അനുവദിച്ചിരുന്ന തസ്തികകളില്‍ ഒരു പീഡിയാട്രീഷ്യന്‍റെ ഒഴിവ് ഉള്ളത് ഉടന്‍ തന്നെ ഡയറക്ടറെ അറിയിക്കുമെന്നും അഡ്ഹോക്ക് അടിസ്ഥാനത്തില്‍ രണ്ട് അസിസ്റ്റന്‍റ് സര്‍ജന്‍മാരെ നിയമിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കടപ്ര-വീയപുരം റോഡിലെ കലുങ്ക് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഓട്ടോഫീസ്, കാവനാല്‍ കടവ് പാലങ്ങളുടെ പണി പുരോഗമിക്കുന്നതായും പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു. ഇടിഞ്ഞില്ലം ഭാഗത്ത് പൊട്ടിയ ജലവിതരണ പൈപ്പുകള്‍ പുനസ്ഥാപിക്കുന്ന പ്രവൃത്തി  പൂര്‍ത്തീകരിച്ചതായി കെഎസ്ടിപി അറിയിച്ചു. 
തിരുവല്ല ബിവണ്‍ ബിവണ്‍ റോഡിലെ കുഴി അടയ്ക്കുന്നതിന് അടിയന്തിര നടപടി വേണമെന്ന് തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ് ആവശ്യപ്പെട്ടു. തിരുവല്ല നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ഗതാഗത  ഉപദേശക സമിതി യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കണം. തിരുവല്ല ശബരിമല ഇടത്താവളത്തിനു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.ആര്‍. മുരളീധരന്‍ നായര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.                                              (പിഎന്‍പി 3182/17)

date