Skip to main content

പട്ടികജാതി പ്രൊമോട്ടര്‍മാരുടെ നിയമനം:  ഡിസംബര്‍ 5 വരെ അപേക്ഷിക്കാം

 

കോഴിക്കോട് ജില്ലയിലെ ബ്ലോക്ക്/മുന്‍സിപ്പല്‍/കോര്‍പറേഷനുകളില്‍ (പനങ്ങാട്,നരിപ്പറ്റ, എടച്ചേരി,തുറയൂര്‍,കൂത്താളി,ചേമഞ്ചേരി,കായണ്ണ,ഒളവണ്ണ,ചെക്യാട് ഗ്രാമപഞ്ചായത്തുകള്‍ ഒഴികെ)  പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്നും മുനിസിപ്പാലിറ്റികളില്‍ മൂന്നും , കോര്‍പ്പറേഷനുകളില്‍ അഞ്ച് വീതവുമാണ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നത്.  
അപേക്ഷകര്‍ 18നും 40നും മദ്ധ്യേ പ്രായമുളളവരും പ്രീ-ഡിഗ്രി/ പ്ലസ്ടു പാസ്സായവരായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകളില്‍ 10% പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന  സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും നിയമിക്കുന്നതാണ്.  ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും, ഉയര്‍ന്ന പ്രായ പരിധി 50 വയസ്. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ടി.സിയുടെ പകര്‍പ്പ് എന്നിവ  അപേക്ഷയോടൊപ്പം ഹാജരാക്കണം. 
ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 5 വൈകുന്നേരം 5 മണിക്ക് മുന്‍പായി  കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. 
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകള്‍ ഇല്ലെങ്കില്‍ സമീപ സ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍ - 0495 2370379. 

date