18 വർഷത്തെ സ്വപ്ന സാഫല്യം: മൂന്ന് പൊന്നോമനകളുമായി തൃശ്ശൂരിൽ നിന്ന് തിരുപ്പൂരിലേക്ക് മടക്കം
നഷ്ടപ്പെടുമെന്ന് കരുതിയ പൊന്നോമനകളെ തിരികെ നൽകി തൃശൂർ മെഡിക്കൽ കോളേജ്
നഷ്ടപ്പെടുമെന്ന് കരുതിയ മൂന്ന് പൊന്നോമനകളെ പൂർണ ആരോഗ്യത്തോടെ തിരികെ നൽകി തൃശ്ശൂർ മെഡിക്കൽ കോളേജ്. പാലക്കാട് സ്വദേശികളെങ്കിലും തമിഴ്നാട് തിരുപ്പൂരിൽ താമസിക്കുന്ന പ്രസീദയും ജയപ്രകാശുമാണ് സന്തോഷത്തോടെ കുഞ്ഞുങ്ങളുമായി നാട്ടിലേക്ക് മടങ്ങിയത്. രക്ഷപ്പെടില്ലെന്ന് കരുതിയിരുന്ന 3 കുഞ്ഞുങ്ങളെ വെന്റിലേറ്റർ ഉൾപ്പെടെയുള്ള അതിതീവ്ര പരിചരണം നൽകി മൂന്ന് മാസത്തെ ശ്രദ്ധാപൂർവമായ ചികിത്സയിലൂടെ പൂർണ ആരോഗ്യത്തിലേക്ക് എത്തിച്ചു. പത്ത് ലക്ഷത്തിലേറെ ചെലവ് വരുന്ന ചികിത്സ മൂന്ന് കുഞ്ഞുങ്ങൾക്കും സൗജന്യമായാണ് ലഭ്യമാക്കിയത്. മാതൃകാപരമായ പരിചരണം നൽകി കുഞ്ഞുങ്ങളെ രക്ഷിച്ച മെഡിക്കൽ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രസീദക്കും ജയപ്രകാശിനും കുട്ടികൾ എന്ന സ്വപ്നം സഫലമായത്. നീണ്ട കാത്തിരിപ്പിന് ശേഷവും കുഞ്ഞുങ്ങൾ ഉണ്ടാവാതിരുന്നതിനാൽ ഐവിഎഫ് ചികിത്സയിലൂടെ ഗർഭം ധരിക്കുകയായിരുന്നു. കോയമ്പത്തൂരിൽ ഗർഭകാല ചികിത്സയും സ്കാനിങ്ങും നടത്തുകയും ചെയ്തു. അപ്പോഴാണ് പ്രസീദ 3 കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകാൻ പോകുന്നത് എന്നറിഞ്ഞത്. എന്നാൽ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കൂടുതലാണെന്നും മൂന്ന് കുഞ്ഞുങ്ങളെ തീവ്രപരിചരണം നൽകി രക്ഷിച്ചെടുക്കുന്നത് പ്രയാസമേറിയതാണ് എന്നതിനാലും ഫീറ്റൽ റിഡക്ഷനിലൂടെ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കാൻ പലരും നിർദ്ദേശിച്ചു. അതിന് വിസമ്മതിച്ച ഇവർ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കുഞ്ഞുങ്ങൾക്ക് മികച്ച പരിചരണത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് വന്നു. ഏഴാം മാസത്തിൽ ജനിച്ച 2 പെൺകുഞ്ഞുങ്ങളുടേയും ഒരു ആൺകുഞ്ഞിന്റേയും തൂക്കം ഒരു കിലോഗ്രാമിലും താഴെയായിരുന്നു. അവിടെ നിന്നാണ് വിദഗ്ധ സംഘത്തിന്റെ മൂന്ന് മാസത്തെ ശ്രദ്ധാപൂർവമായ പരിചരണത്തിലൂടെ കുഞ്ഞുങ്ങളെ പൂർണ ആരോഗത്തിലേക്ക് എത്തിച്ചത്.
നവജാത ശിശുരോഗ വിഭാഗം മേധാവി ഡോ. ഫെബി ഫ്രാൻസിസിന്റേയും ശിശുരോഗ വിഭാഗം മേധാവി ഡോ. അജിത് കുമാറിന്റേയും നേതൃത്വത്തിൽ ഡോ. വിഷ്ണു ആനന്ദ്, ഡോ. മേധ മുരളി, ഡോ. നാഗാർജുൻ, ഡോ. ലിറ്റ, ഡോ. ആതിര, ജൂനിയർ ഡോക്ടർമാർ എന്നിവരാണ് ചികിത്സ നൽകിയത്. ഹെഡ് നഴ്സുമാരായ സീന, സിസ്റ്റർ സജ്ന എന്നിവരുടെ നേതൃത്വത്തിലുള്ള നഴ്സുമാരുടെയും മറ്റ് എൻഐസിയു ജീവനക്കാരുടേയും പരിശ്രമ ഫലമായാണ് ഇത് സാധ്യമായത്. മൂന്ന് കുഞ്ഞുങ്ങൾക്കും 3 മാസം വരെ പരിപൂർണമായി മുലപ്പാൽ ഉറപ്പുവരുത്തിയത് നവജാതശിശു വിഭാഗത്തിൽ പ്രവർത്തിക്കുന്ന സമഗ്ര മുലയൂട്ടൽ പരിപാലന ക്രേന്ദത്തിലെ ജീവനക്കാരും നഴ്സുമാണ്.
ഗൈനക്കോളജി യൂണിറ്റ് ചീഫ് ഡോ. അജിത, മറ്റ് ഡോക്ടർമാരായ ഡോ. രശ്മി, ഡോ. അജിനി എന്നിവരടങ്ങുന്ന സംഘം അമ്മയ്ക്ക് വേണ്ട ഗർഭ ചികിത്സയും പ്രസവ ശുശ്രൂഷയും നൽകി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അശോകൻ, സൂപ്രണ്ട് ഡോ. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ്, എ.ആർ.എം.ഒ. ഡോ ഷിബി എന്നിവരുടെ പരിപൂർണ പിന്തുണയുമുണ്ടായിരുന്നു.
പി.എൻ.എക്സ്. 5918/2024
- Log in to post comments