വളപട്ടണം പാലം-പാപ്പിനിശ്ശേരി റോഡിൽ ജനുവരി മൂന്ന് മുതൽ വാഹനങ്ങൾ വഴിതിരിച്ചു വിടും
ഗതാഗത പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തിൽ
പുതിയതെരു, വളപട്ടണം പാലം, പാപ്പിനിശ്ശേരി, പഴയങ്ങാടി റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാൻ ജനുവരി മൂന്ന് രാവിലെ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി പദ്മചന്ദ്രകുറുപ്പ് അറിയിച്ചു. കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ഗതാഗതക്കുരുക്കഴിക്കാനുള്ള ആർടിഒയുടെ നിർദേശം ചർച്ച ചെയ്ത് അംഗീകരിക്കുകയായിരുന്നു.
ഇതുപ്രകാരം കണ്ണൂർ ഭാഗത്തു നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ വളപട്ടണം പാലം കഴിഞ്ഞ് ഇടതുതിരിഞ്ഞ് പഴയങ്ങാടി റൂട്ടിലേക്ക് കയറി കോട്ടൻസ് റോഡ് വഴി ചുങ്കം പാപ്പിനിശ്ശേരി വഴി തളിപ്പറമ്പ് ഭാഗത്തേക്ക് പോകണം. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിലുള്ളത് പോലെ കെഎസ്ടിപി റോഡ് വഴി തന്നെ പോകാം. തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലൂടെ നേരെ വൺവേ ആയി കണ്ണൂരിലേക്ക് പോകാം. തളിപ്പറമ്പിൽനിന്ന് വന്ന് പഴയങ്ങാടിയിലേക്ക് പോവുന്ന വാഹനങ്ങൾ വളപട്ടണം പാലത്തിന് മുമ്പായി പഴയങ്ങാടി റോഡിൽ കയറി കെഎസ്ടിപി റോഡ് വഴി പോകണം. പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂരിലേക്ക് പോവാനും തളിപ്പറമ്പിലേക്ക് പോവാനും കോട്ടൻസ് റോഡ് വഴി ചുങ്കത്ത്‌നിന്ന് ദേശീയപാതയിലേക്ക് കയറണം.
ജനുവരി മൂന്ന് മുതൽ എട്ട് വരെ പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്‌കാരം നടപ്പിലാക്കുക. തുടർന്ന് ഇത് വിലയിരുത്തി, വിജയമാണെങ്കിൽ തുടരും. ഇല്ലെങ്കിൽ വീണ്ടും ചർച്ച ചെയ്ത് ആവശ്യമായ മാറ്റം വരുത്തും. പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗത പരിഷ്‌കരണവുമായി പൊതുജനങ്ങളും യാത്രക്കാരും സഹകരിക്കണമെന്ന് എഡിഎം അഭ്യർഥിച്ചു.
ഈ റൂട്ടിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കലക്ടറേറ്റിൽ യോഗം ചേർന്നിരുന്നു. തുടർന്ന് പഴയങ്ങാടി റോഡ് ജംഗ്ഷൻ, പാപ്പിനിശ്ശേരി കോട്ടൻസ് റോഡ് എന്നിവിടങ്ങളിൽ എംഎൽഎ, എഡിഎം എന്നിവരും പാപ്പിനിശ്ശേരി, വളപട്ടണം, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും സ്ഥല പരിശോധന നടത്തിയിരുന്നു.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വൈസ് പ്രസിഡന്റ് പി പ്രദീപൻ, കണ്ണൂർ ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണൻ, എസ്‌ഐ പി. ഉണ്ണികൃഷ്ണൻ, വളപട്ടണം പൊലീസ് എസ്എച്ച്ഒ ടിപി സുമേഷ്, പഞ്ചായത്ത് മെമ്പർമാർ, ബസ് ഓണേഴ്സ് യൂനിയൻ ഭാരവാഹികൾ, ബസ് എംപ്ലോയീസ് യൂനിയൻ ഭാരവാഹികൾ, പഞ്ചായത്ത് സെക്രട്ടറി എൻ പ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments