സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണ്ണക്കപ്പിന് സ്വീകരണം നല്കി
ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മുന്നോടിയായി കാസര്‍കോട് നിന്നാരംഭിച്ച സ്വര്‍ണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് തൃശ്ശൂരില്‍ സ്വീകരണം നല്കി. തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂളിലെത്തിയ സ്വര്‍ണ്ണക്കപ്പ് തൃശ്ശൂര്‍ കോര്പ്പറേഷന് മേയര്‍ എം.കെ വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അജിതകുമാരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ജില്ലയില്‍ തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂളിനോടൊപ്പം ജി.ബി.എച്ച്.എസ് വടക്കാഞ്ചേരി, എം.എ.എം.എച്ച്.എസ് കൊരട്ടി എന്നീ സ്കൂളുകളിലും സ്വര്‍ണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് സ്വീകരണം നല്കി.
കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് 117.5 പവന് തൂക്കമുള്ള സ്വര്‍ണ്ണക്കപ്പ് ലഭിക്കം. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഈ വര്‍ഷം പതിനയ്യായിരത്തോളം വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരക്കും. ഇന്നലെ (ഡിസംബര്‍ 31) കാസര്‍കോട് നിന്നാരംഭിച്ച സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര ജില്ലകളിലൂടെ പര്യടനം നടത്തി ജനുവരി 3 ന് തിരുവനന്തപുരത്തെ കലോത്സവവേദിയിലെത്തും.
തൃശ്ശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന സ്വീകരണ ചടങ്ങ് തൃശ്ശൂര്‍ കോര്പ്പറേഷന് മേയര്‍ എം.കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് മുഖ്യാതിഥിയായി.
ചടങ്ങില്‍ ഡി.ജി.ഇ പരീക്ഷാ കമ്മീഷണര്‍ ഗീരീഷ് ചോലയില്‍, ഡി.എച്ച്.എസ്.ഇ ആര്.ഡി.ഡി പി.ജി ദയ, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ഡി. ശ്രീജ, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ സുഭാഷ്, എച്ച്.എം ഫോറം കണ്‍വീനര്‍ സ്റ്റെയ്നി ചാക്കോ, തൃശ്ശൂര്‍ ഈസ്റ്റ് എ.ഇ.ഒ ജീജ വിജയന്, തൃശ്ശൂര്‍ ജി.എം.ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ അനിത, തൃശ്ശൂര്‍ ജി.എം.ജി.എച്ച്.എസ് എച്ച്.എം കെ.പി ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് തൃശ്ശൂര്‍ ഡി.ഡി.ഇ എ.കെ അജിതകുമാരി സ്വാഗതവും ഡി.ഇ.ഒ ഡോ. എ. അന്‍സാര്‍ നന്ദിയും പറഞ്ഞു.
- Log in to post comments