കരുതലും കൈത്താങ്ങും: ചേര്‍ത്തല താലൂക്ക് അദാലത്ത് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംസ്ഥാനസർക്കാർ
സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന് ജില്ലയിൽ ഇന്ന് (03) തുടക്കം. ആദ്യ അദാലത്ത് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മൈതാനത്ത് വെള്ളിയാഴ്ച രാവിലെ 9.30 ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ കെസി വേണുഗോപാൽ എംപി, എം എൽ എ മാരായ പി പി ചിത്തരഞ്ജൻ, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി, ചേർത്തല മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ എന്നിവർ മുഖ്യ സാന്നിധ്യമാകും. ജില്ലാ കളക്ടർ അലക്സ് വർഗീസ്, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, എഡിഎം ആശ സി എബ്രഹാം എന്നിവർ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം 10 മണിയോടുകൂടി മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് ആരംഭിക്കും. ചേർത്തല താലൂക്കിൽ
678 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അദാലത്ത് ദിവസം ഏത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും അദാലത്ത് വേദിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. റിസപ്ഷന്‍, അന്വേഷണ കൗണ്ടറുകള്‍, ലഘുഭക്ഷണസൗകര്യം, വൈദ്യസേവനം, കടിവെള്ളം എന്നിവക്കുള്ള സൗകര്യങ്ങളും അദാലത്ത് വേദികളില്‍ ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
അമ്പലപ്പുഴ താലൂക്ക് അദാലത്ത് ജനുവരി 4 ന് ശനിയാഴ്ച ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസിലും കുട്ടനാട് താലൂക്ക് അദാലത്ത് ജനുവരി 6 ന് തിങ്കളാഴ്ച മങ്കൊമ്പ് ഡോ. എം എസ് സ്വാമിനാഥന്‍ റൈസ് റിസര്‍ച്ച് സ്റ്റേഷനിലും കാര്‍ത്തികപ്പള്ളി താലൂക്ക് അദാലത്ത് ജനുവരി 7 ന് ചൊവ്വാഴ്ച ചേപ്പാട് താമരശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലും ചെങ്ങന്നൂര്‍ താലൂക്ക് അദാലത്ത് ജനുവരി 13 ന് ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജ് ഓഡിറ്റേറിയത്തിലും
മാവേലിക്കര താലൂക്ക് അദാലത്ത് ജനുവരി 14 ന് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്‌കൂളിലുമാണ് നടക്കുന്നത്.
(പി.ആര്‍/എ.എല്‍.പി/15)
- Log in to post comments