മോഹനകുമാരന്റെ വീടിനു ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ മന്ത്രിയുടെ നിർദേശം
വീടിനു ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആലങ്ങാട് പഞ്ചായത്തിനു കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി പി രാജീവിന്റെ നിർദേശം.
കോട്ടപ്പുറം മോഹൻ നിവാസിലെ സി ബി മോഹനകുമാരൻ്റെ പരാതിയിലാണ് നടപടി.
അയൽവാസിയുടെ പറമ്പിലെ വലിയ മരങ്ങൾ വീടിനും ജീവനും ഭീഷണി ഉണ്ടാക്കുന്നു എന്നാണ് മോഹനകുമാരന്റെ പരാതി. ഭാര്യയും മാനസിക വെല്ലുവിളി നേരിടുന്ന മകനും അടങ്ങുന്ന കുടുംബമാണു തന്റേത്. തനിക്കും ശാരീരിക ബുദ്ധിമുട്ടുകളും കേൾവി പ്രശ്നങ്ങളുമുണ്ടെന്നും മോഹനകുമാരൻ പറഞ്ഞു.
നേരത്തെ പരാതിയുടെ അടിസ്ഥാനത്തിൽ ആലങ്ങാട് ഗ്രാമപഞ്ചായത്ത് സ്ഥലം പരിശോധിക്കുകയും ദുരന്തനിവാരണ നിയമ പ്രകാരം വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്നതിന് എതിർകക്ഷിക്കു രേഖാമൂലം നിർദ്ദേശവും നൽകിയിരുന്നു.
ഇനിയും എതിർകക്ഷി മരം മുറിച്ചു മാറ്റിയില്ലെങ്കിൽ ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി പഞ്ചായത്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്.
- Log in to post comments