Skip to main content

അദാലത്ത് ആശ്വാസമായി; എഴുപുന്ന എഫ്സി കോൺവെന്റ് ചുള്ളിത്തറ കടവ് റോഡ് ആറ് മാസത്തിനകം പൂർത്തിയാക്കാൻ ഉത്തരവ്

"ഒരു മരണമുണ്ടായാൽ, 
ഒരാൾക്ക് പെട്ടെന്ന് അസുഖം വന്നാൽ ഒന്നേകാൽ മീറ്റർ വീതി മാത്രമുള്ള വഴിയിലൂടെ കസേരയിൽ ഇരുത്തി ചുമന്നുകൊണ്ടു പോകണം സർ, 87 ശതമാനം ഭിന്നശേഷിയുള്ളയാളാണ് ഞാൻ. എന്നെപ്പോലുള്ളവരും രോഗികളും വൃദ്ധരുമൊക്കെയുള്ള ഞങ്ങളുടെ നഗറിലുള്ളവർ  റോഡില്ലാതെ കഷ്ടപ്പെടുകയാണ്. ചേർത്തല താലൂക്ക് അദാലത്തിനെത്തിയ സനൽകുമാർ വീൽ ചെയറിലിരുന്ന് തങ്ങളുടെ ദൈനംദിന ദുരിതം  വിവരിക്കുമ്പോൾ ഫിഷറീസ്, സാംസ്കാരിക വകുപ്പ്
മന്ത്രി സജി ചെറിയാൻ ശ്രദ്ധയോടെ കേട്ടിരുന്നു.
ഭവനവായ്പയൊന്നും ലഭിക്കാത്തതിനാൽ
വീട് നിർമ്മാണമടക്കം പ്രദേശത്ത്  തടസ്സപ്പെട്ടിരിക്കുകയാണ്..
സഞ്ചാരയോഗ്യമായ മൂന്നു മീറ്റർ വീതിയിലുള്ള ഒരു റോഡ് ഉണ്ടെങ്കിൽ ഞങ്ങളുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരമാവും -  എഴുപുന്ന പഞ്ചായത്ത് 14ാം വാർഡുകാരനായ ജോൺസൺ പറഞ്ഞു. 
എഴുപുന്ന - കോടംതുരുത്ത് പഞ്ചായത്തുകളുടെ അതിർത്തിയിൽ താമസിക്കുന്ന
പ്രദേശവാസികളും ഹരിജൻ നഗറിലുള്ളവരും ഒരുപോലെ റോഡില്ലാത്തതിന്റെ ദുരിതചിത്രം വിവരിച്ചപ്പോൾ പരാതി പരിശോധിച്ച് മന്ത്രി വേഗത്തിൽ തന്നെ തീരുമാനം എടുത്തു.  
50 ഓളം കുടുംബങ്ങൾ താമസിക്കുന്ന
കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡിലെ ഹരിജൻ നഗർ നിവാസികൾക്കും പ്രദേശവാസികൾക്കും ആശ്വാസമായി മന്ത്രി ഉത്തരവിടുകയായിരുന്നു. ആറുമാസത്തിനുള്ളിൽ എഴുപുന്ന എഫ്സി കോൺവെന്റ് ചുള്ളിത്തറ കടവ് റോഡ് പൂർത്തിയാക്കാൻ എഴുപുന്ന പഞ്ചായത്ത് സെക്രട്ടറിക്കാണ് മന്ത്രി നിർദേശം നൽകിയത്. റോഡ് നിർമാണത്തിനുള്ള ടെൻഡർ നടപടികളും കരാറും പൂർത്തിയായിട്ടും ഒരു വ്യക്തി പഞ്ചായത്തിൽ നൽകിയ പരാതിയെ തുടർന്നു നിർമ്മാണം തുടങ്ങാനാവാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശവാസികളും കോളനിവാസികളും ഒരുമിച്ച് പരാതിയുമായി അദാലത്തിലെത്തിയത്. 
ഗ്രാമീണ റോഡിനായുള്ള പ്രദേശവാസികളുടെയും നഗറിലുള്ളവരുടെയും വർഷങ്ങളായുള്ള കാത്തിരിപ്പിന് അങ്ങനെ അദാലത്തിൽ
പരിഹാരമായി. സംസ്ഥാന സർക്കാരിനും മന്ത്രിക്കും നന്ദി പറഞ്ഞാണ് പ്രദേശവാസികൾ അദാലത്തിൽ നിന്നും മടങ്ങിയത്.

date