ശോഭയ്ക്ക്ആഗ്രഹ സാക്ഷാത്കാരം,സ്വന്തം ഭൂമിക്ക്അനുമതി പത്രികയായി
കൈതാരം മാട്ടുമ്മൽ ശോഭ സോമൻ്റെ വസ്തുവിന് അനുമതി പത്രിക കൈമാറി. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തിനനുസരിച്ചുമാണ് അനുമതി പത്രിക നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ മന്ത്രി പി രാജീവ് ശോഭയ്ക്ക് കൈമാറി.
കൈതാരം നടുമുറി കോളനിയിലെ താമസിക്കുന്ന ശോഭ വീട്ടുജോലി ചെയ്താണ് കുടുംബം പുലർത്തുന്നത് . ഭർത്താവ് ഭിന്നശേഷിക്കാരനാണ്. വിദ്യാർത്ഥികളായ മക്കൾ അടങ്ങുന്ന കുടുംബം ചോർന്നൊലിക്കുന്ന കൂരയിലാണ് താമസിക്കുന്നത്.
21 വർഷമായി താമസിക്കുന്ന നാല് സെൻ്റ് സ്ഥലത്തിന്റെ പട്ടയം ലഭിക്കുന്നതിന് വേണ്ടി കോട്ടുവള്ളി പഞ്ചായത്ത് ഓഫീസിൽ അനുമതി പത്രികയ്ക്ക് അപേക്ഷ നൽകിയിരുന്നു.
2023 ജൂലൈയിൽ ശോഭയുടെ വസ്തുവിൻ്റെ അനുമതി പത്രിക നൽകുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു.
എന്നാൽ, വസ്തുവിന്റെ മുൻ കൈവശക്കാരനായ സുഗണന്‍ നേരത്തെ പഞ്ചായത്തിൽ നിന്ന് പത്രിക നൽകിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന് കോട്ടുവള്ളി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സുഗുണൻ മരണപ്പെട്ടുവെന്നും ഭാര്യയും മക്കളും നഗരസഭയിലെ പതിമൂന്നാം വാർഡിൽ വാടകയ്ക്ക് താമസിക്കുകയാണ്. നിലവിൽ, സ്വന്തമായ ഭൂമിയും വീടോ ഇല്ലാത്തതിനാൽ ഭർത്താവായ സുഗണന്‍ ലഭിച്ച പ്രസ്തുത സ്ഥലത്ത് വീട് വയ്ക്കുന്നതിന് അനുമതി നല്‍കണമെന്ന് ഇവർ ആവശ്യപ്പെട്ടുവെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തു. അതിനാൽ, മുൻ കൈവശക്കാരന്റെ കുടുംബത്തിന്റെ സമ്മതപത്രവും, അനുബന്ധ രേഖകളും ലഭ്യമാക്കിയാൽ മാത്രമേ പത്രിക നൽകാൻ ആകൂവെന്നും അറിയിച്ചു.
എന്നാൽ , മുൻ കൈവശക്കാരൻ ഇവിടെ സ്ഥിരതാമസമാക്കുകയോ പട്ടയം ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്ന് കോട്ടുവള്ളി വില്ലേജ് ഓഫീസ് പറവൂർ തഹസിൽദാറെ അറിയിച്ചു. 21 വർഷമായി പരാതിക്കാരിയായ ശോഭയും കുടുംബവും ഈ സ്ഥലത്ത് ഷെഡ് കെട്ടി താമസിച്ചു വരുകയാണ്. അപേക്ഷ അനുഭാവപൂർവ്വം പരിഗണിക്കാമെന്നും വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ശോഭക്കും കുടുംബത്തിനും അനുമതി പത്രിക നൽകിയത്. വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയ കോട്ടുവള്ളി പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.
പട്ടയം ലഭ്യമാകുന്ന മുറയ്ക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീട് പണിത് നൽകുമെന്ന് വാർഡ് മെമ്പർ ആശ സിന്തിൽ പറഞ്ഞു.
- Log in to post comments