സുബ്രഹ്മണ്യന് ആശ്വാസം, കെട്ടിട നികുതി സെസ് തുക ഒഴിവാക്കി
നോർത്ത് പറവൂർ പെരുമ്പടന്ന കാഞ്ഞിരക്കാട്ട് പറമ്പിൽ സുബ്രഹ്മണ്യനെ കെട്ടിട നികുതിയുടെ സെസിൽ നിന്നും ഒഴിവാക്കി. 1990 - ലെ ബിൽഡിംഗ് & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് സെസ് ആക്ടും അനുബന്ധ ചട്ടങ്ങളും പ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി ആർ ബിന്ദു, സുബ്രഹ്മണ്യന് കൈമാറി.
നവംബറിലാണ് സെസ് അടയ്ക്കാൻ ആവശ്യപ്പെട്ടു സുബ്രഹ്മണ്യന് ഡെപ്യൂട്ടി ലേബർ ഓഫീസറുടെ കാര്യാലയത്തിൽ നിന്നു നോട്ടീസ് ലഭിക്കുന്നത്. 78 കാരനായ സുബ്രഹ്മണ്യൻ പെരുമ്പടന്നയിലെ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. ക്യാൻസർ രോഗിയായ ഭാര്യ നേരത്തെ മരിച്ചു. ഭാര്യയുടെ ചികിത്സക്കായി തന്നെ ലക്ഷങ്ങളുടെ ബാധ്യത ഉണ്ട്. അതിനിടയിലാണ്, സെസ് അടയ്ക്കാൻ നോട്ടീസ് കിട്ടുന്നത്. രോഗിയായ തനിക്ക് ഇത് താങ്ങാവുന്നതിലും അധികമാണെന്നു സുബ്രഹ്മണ്യൻ പറഞ്ഞു.
തുടർന്ന്, കെട്ടിടത്തിൻ്റെ കാലപ്പഴക്കം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ പറവൂർ നഗരസഭാ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ തുകയിൽ ഇളവു നൽകുകയും ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കുകയും ചെയ്യണമെന്ന് ഡെപ്യൂട്ടി ലേബർ ഓഫീസർക്കും നിർദ്ദേശം നൽകി.
നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച ബിൽഡിംഗ് ഏജ് സർട്ടിഫിക്കറ്റ് പ്രകാരം കെട്ടിടത്തിൻ്റെ താഴത്തെനില 15 വർഷം പഴക്കമുള്ളതും മുകളിലെ നില 7 വർഷം പഴക്കമുള്ളതാണെന്നും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ലേബർ ഓഫീസ് റിപ്പോർട്ട് ചെയ്തു.
നിർമ്മാണച്ചെലവ് പത്തു ലക്ഷത്തിൽ താഴെയായതിനാൽ ബിൽഡിംഗ് & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് സെസ്സ് ആക്ട് 1996 ഉം ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ സെസ് റൂൾസ് 1998 ഉം പ്രകാരം കെട്ടിട നികുതിയുടെ സെസ് തുകയിൽ നിന്നും ഒഴിവാക്കിയതായി ഡെപ്യൂട്ടി ലേബർ ഓഫീസർ അറിയിച്ചു.
- Log in to post comments