പ്രവര്‍ത്തനരഹിതമായ ഓട്ടോമാറ്റിക് ക്ലോസറ്റിന്റെ വിലയും നഷ്ടപരിഹാരമായി 150,000 രൂപയും കമ്പനി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍
ഓട്ടോമാറ്റിക് റിമോട്ട് കണ്‍ട്രോള്‍ ക്ലോസറ്റിന്റെ വില 2,65,100 രൂപയും നഷ്ടപരിഹാരമായി 1,50,000 രൂപയും നല്‍കാന്‍ കമ്പനിക്കെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. തിരൂര്‍ തൃപ്രങ്ങോട് സ്വദേശി രാഘവന്‍ നായര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന മകനു വേണ്ടിയാണ് പരാതിക്കാരന്‍ റിമോട്ട് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലോസറ്റ് സ്ഥാപിച്ചത്. എല്ലാ തരത്തിലുള്ള സേവനവും കാലതാമസമില്ലാതെ ചെയ്തു നല്‍കുമെന്ന ഉറപ്പിലാണ് ക്ലോസറ്റ് വാങ്ങി സ്ഥാപിച്ചത്. മൂന്നു മാസത്തിനുള്ളില്‍ തന്നെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിട്ടു. പരാതി നല്‍കിയതിനെ തുടര്‍ന്നു നന്നാക്കി നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീടും പ്രവര്‍ത്തനത്തില്‍ തടസ്സമുണ്ടായി. തുടര്‍ന്നു നല്‍കിയ പരാതി പ്രകാരം പരിശോധന നടന്നെങ്കിലും തകരാറ് പരിഹരിക്കാനായില്ല. കമ്പനിയെ വിവരം അറിയിച്ചെങ്കിലും പ്രശ്‌നപരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. തിരൂര്‍ പോളിടെക്‌നിക്കിലെ വിദഗ്ധന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്ലോസറ്റ് പരിശോധിക്കുകയും പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവെക്കുകയും ചെയ്തു.
മധ്യസ്ഥതയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് കമ്പനി പ്രതിനിധികള്‍ ഹാജരാകാത്തതിനാല്‍ തെളിവുകള്‍ പരിശോധിച്ച് കമ്മീഷന്‍ വിധി പറയുകയായിരുന്നു. ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഒരാള്‍ക്ക് വേണ്ടി വലിയ വില നല്‍കി വാങ്ങിയ ഉപകരണം വേണ്ട വിധം പ്രവര്‍ത്തിക്കാതിരിക്കുകയും മതിയായ സേവനം നല്‍കാന്‍ കമ്പനിക്ക് കഴിയാതെ പോവുകയും ചെയ്ത സാഹചര്യത്തില്‍ ഉല്പന്നത്തിന്റെ വിലയായ 2,65,100 രൂപ തിരിച്ചു നല്‍കി സ്വന്തം ചെലവില്‍ ക്ലോസറ്റ് തിരിച്ചു കൊണ്ടുപോകണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും മാനസിക പ്രയാസങ്ങള്‍ക്കും 1,50,000/- രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്ക് 50,000/- രൂപയും നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവായി.
ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്തപക്ഷം വിധിസംഖ്യക്ക് 12% പലിശയും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞു.
- Log in to post comments