Skip to main content

നിയമങ്ങളും ചട്ടങ്ങളും ജനങ്ങൾക്ക് അനുകൂലമായി വായിക്കണം: മന്ത്രി കെ രാജൻ

 

നിയമങ്ങളും ചട്ടങ്ങളും ജനങ്ങൾക്ക് അനുകൂലമായി വായിക്കണമെന്ന് മന്ത്രി കെ രാജൻ. ചേന്ദമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുക യായിരുന്നു മന്ത്രി. സേവനങ്ങൾ ആവശ്യപ്പെട്ട് ഓഫീസിൽ എത്തുന്നവരെ ഓടിക്കാനുള്ള ഉപകരണമായി നിയമങ്ങളെയും ചട്ടങ്ങളെയും ഉപയോഗിക്കരുത്. ചെകുത്താനെ ഓടിക്കാൻ കുരിശ് എന്ന പോലെ പൊതുജനങ്ങളെ നിയമവും ചട്ടവും കാണിച്ച് ജനങ്ങളെ ഓടിക്കരുത്.  ജനങ്ങൾക്ക് അനുകൂലമായി നിയമങ്ങളെ വായിക്കാൻ കഴിഞ്ഞപ്പോൾ  30 വർഷമായി ഭൂമിയില്ലാതിരുന്ന 1382 കുടുംബങ്ങൾക്ക് കടൽ പുറമ്പോക്ക് പതിച്ചു കൊടുക്കാൻ കഴിഞ്ഞു. ജലസേചന മാർഗങ്ങളിൽ നിന്ന് ഭൂമി പതിച്ചു കൊടുക്കാനാകില്ല എന്ന നിയമവ്യവസ്ഥ 3.017 മീറ്ററിന് പുറത്തുള്ള ഭൂമി പതിച്ചു കൊടുക്കാം എന്ന് വ്യാഖ്യാനിച്ചപ്പോൾ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമേകാൻ കഴിഞ്ഞു. പുഴയില്ലാത്ത പുറമ്പോക്കുകൾ ഇനം മാറ്റുന്നതിന് നിയമം സജ്ജമാണ്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നര വർഷത്തിനിടെ ആറ് ചട്ട ഭേദഗതികളാണ് നടപ്പാക്കിയത്. ഇക്കാര്യങ്ങളിലെല്ലാം പ്രതിപക്ഷത്തിൻ്റെ പൂർണ സഹകരണം ലഭിച്ചു. വില്ലേജ് ഓഫീസുകളിൽ എത്തുന്നവർക്ക് ഉദ്യോഗസ്ഥർ ആശ്വാസം പകരുമ്പോഴാണ് വില്ലേജ് ഓഫീസുകൾ യഥാർത്ഥത്തിൽ സ്മാർട്ട് ആകുന്നതെന്നും മന്ത്രി പറഞ്ഞു.

പറവൂർ നിയോജക മണ്ഡലത്തിൽ നാല് സ്മാർട്ട് വില്ലേജ് ഓഫീസുകൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച നിയമസഭാ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ പറഞ്ഞു. ഇതിൽ നാലെണ്ണം നിർമ്മാണം പൂർത്തിയായി. താലൂക്ക് ഓഫീസിനോട് ചേർന്ന് അനക്സ് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റവന്യൂ ടവറിലും അനക്സിലുമായി എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം സജ്ജമാക്കുകയാണ് ലക്ഷ്യം. പറവൂർ കോടതി സമുച്ചയം പൈതൃക കെട്ടിടമായി സംരക്ഷിക്കുന്നതിനും ചേന്ദമംഗലത്തെ പൈതൃക ഗ്രാമമായി  മാറ്റുന്നതിനും നടപടി സ്വീകരിക്കണമന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, ഫോർട്ട് കൊച്ചി സബ് കളക്ടർ കെ.മീര,ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് അനീഷ്, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി യു ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണി ടീച്ചർ, നിത സ്റ്റാലിൻ, ബബിത, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ എസ് ശിവദാസൻ, ശ്രീജിത്ത് മനോഹർ, ടി കെ ഇസ്മയിൽ, കെ കെ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

date