എല്ലാവർക്കും അതിവേഗം ഭൂമിയും വിടും ലക്ഷ്യം: മന്ത്രി കെ രാജൻ*
എല്ലാവർക്കും ഭൂമിയും വീടും അതിവേഗം ലഭ്യമാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി കെ. രാജൻ. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച 120 വീടുകളുടെ താക്കോൽദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2020 ൽ ആരംഭിച്ച പദ്ധതി പ്രകാരം 186 വീടുകൾ പഞ്ചായത്തിൽ നിർമ്മാണം പുരോഗമിക്കുന്നു. ആകെ 300 ലധികം വീടുകളാണ് പഞ്ചായത്തിൽ നിർമിക്കുന്നത്. സാധാരണക്കാരൻ്റെ സ്വപ്നമാണ് ഭൂമിയും വീടും. ലൈഫ് ഭവന പദ്ധതി പ്രകാരം 3,42000 വീടുകൾ നിർമ്മിച്ച് നൽകാൻ കഴിഞ്ഞു. 4,82000 വീടുകൾ നിർമ്മാണം പുരോഗമിക്കുന്നു. ഗ്രാമീണ മേഖലയിൽ 72000 രൂപയും നഗര മേഖലയിൽ 150000 രൂപയുമാണ് പി എം എ വൈ പദ്ധതി പ്രകാരം കേന്ദ്രസർക്കാർ നൽകുന്നത്. മാത്രമല്ല അവയ്ക്ക് പ്രത്യേക ബ്രാൻഡിംഗും വേണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ കേരളത്തിൽ ലൈഫ് വീടുകൾക്ക് ഒരു വിധത്തിലുള്ള ബ്രാൻഡിംഗും അനുവദിക്കില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചു. മാത്രമല്ല പൊതുസ്വഭാവമില്ലാത്ത നിർമ്മാണ രീതിയിലാണ് ലൈഫ് വീടുകൾ നിർമ്മിക്കുന്നത്. സർക്കാരിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന വീടുകൾ എന്ന് യാതൊരു അടയാളവും ഉണ്ടാകരുതെന്നാണ് സർക്കാരിൻ്റെ നിലപാട്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കൂടുതൽ വീടുകളും കൂടുതൽ സൗകര്യങ്ങളും ഏർപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിവിധ ഏജൻസികളുടെ ഏകോപനത്തോടെ വീടില്ലാത്തവർക്ക് വീട് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ചടത്തിൽ അധ്യക്ഷത വഹിച്ച നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം എൽ എ പറഞ്ഞു. ഭവന നിർമ്മാണത്തിനുള്ള ചെലവിൽ വന്നിട്ടുള്ള വർധന അദ്ദേഹം ചൂണ്ടിക്കാട്ടി. വീടുകൾ നിർമ്മിച്ച് നൽകുന്തോറും വീടില്ലാത്തവരുടെ എണ്ണം വർധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാട്ടിക്കുളം ഓപ്പൺ സ്റ്റേജിൽ നടന്ന ചടങ്ങിൽ സുരേന്ദ്രൻ ലക്ഷ്മണൻ, ജോസ് കല്ലൂർ, ചന്ദ്രമതി എന്നിവർ വീടിൻ്റെ താക്കോൽ ഏറ്റുവാങ്ങി. മന്ത്രി കെ. രാജനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ചടങ്ങിൽ ആദരിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, വൈസ് പ്രസിഡന്റ് കെ. എസ്. സനീഷ്, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് അനീജ വിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സെബാസ്റ്റ്യൻ തോമസ്, സുനിത ബാലൻ, ബിജു പഴമ്പിള്ളി, ഗാന അനൂപ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആൻ്റണി കോട്ടക്കൽ, ജെൻസി തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.എച്ച്. ജമാൽ, എം.എസ്. സതീഷ്, സിന്ധു നാരായണൻ കുട്ടി, ലൈഫ് മിഷൻ കോ ഓഡിനേറ്റർ ഏണസ്റ്റ്, കോട്ടുവള്ളി പഞ്ചായത്ത് സെക്രട്ടറി എം.ബി. പ്രീതി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments