Skip to main content

മാനുഷികപരിഗണന നൽകി തീരുമാനങ്ങൾ എടുക്കുന്നതാണ് അദാലത്തിന്റെ വിജയം: മന്ത്രി സജി ചെറിയാൻ

*കുട്ടനാട് താലൂക്ക് അദാലത്തിലേക്ക് ലഭിച്ചത് 417 പരാതികൾ
-കുട്ടനാടിന് അനുവദിച്ച പദ്ധതികൾ പൂർത്തീകരിക്കും

വികസനത്തോടൊപ്പം ക്ഷേമവും എന്നതാണ് സർക്കാരിന്റെ നയമെന്നും അതിനാൽ പരാതി പരിഹാരവും ക്രിയത്മകമായി നടക്കണമെന്നും ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. 
ദുഃഖിക്കുന്ന, സങ്കടപ്പെടുന്നവർക്ക്  ആശ്വാസം നൽകാൻ ചട്ടത്തിനും നിയമത്തിനും അപ്പുറത്ത്  മാനുഷികപരിഗണന  കൂടി നൽകേണ്ടിവരും.ഉദ്യോഗസ്ഥർക്ക് കഴിയാത്ത ചില  തീരുമാനങ്ങൾ  അദാലത്തിൽ മന്ത്രിമാർക്ക് എടുക്കാൻ കഴിയുന്നു എന്നതാണ് അദാലത്തിന്റെ ഏറ്റവും വലിയ വിജയം. 
കുട്ടനാട് താലൂക്ക് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം ഓപ്പൺ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 
കഴിഞ്ഞ എട്ടുവർഷമായി സംസ്ഥാന സർക്കാർ  ഏറ്റവും അധികം പണം നിക്ഷേപിച്ച മണ്ഡലമാണ് കുട്ടനാടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ രണ്ട് മന്ത്രിമാരും രണ്ട് ഘട്ടങ്ങളിലായി കുട്ടനാടിന്റെ വികസനപ്രശ്നങ്ങൾ പരിശോധിക്കുകയുണ്ടായി. കുട്ടനാട്ടിൽ പാലം, റോഡ്, ആശുപത്രി, കുടിവെള്ളം, കുട്ടനാട് പാക്കേജ് എന്നിവക്കൊക്കെ പണം കൊടുത്തു. ഇതുമൂലം വലിയമാറ്റമാണ് മണ്ഡലത്തിലുണ്ടായത്. കുട്ടനാടിന് പ്രത്യേക പരിഗണനയാണ് ന ൽകുന്നത്.   എന്തൊക്കെ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും കുട്ടനാടിന് അനുവദിച്ച പദ്ധതികളുടെ പൂർത്തീകരണത്തിന് ഏത് വിധേനയും പണം നൽകാൻ സർക്കാർ തീരുമാനിച്ചതായും  മന്ത്രി പറഞ്ഞു. 
പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് പരിഹരിക്കാൻ പലതരം മാർഗ്ഗങ്ങളാണ് സർക്കാർ അവലംബിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിൽ നടന്നതുപോലെയുള്ള  പ്രക്രിയ ഇന്ത്യയിൽ ഒരിടത്തും നടന്നിട്ടില്ല.  ഏതെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമങ്ങളും ചട്ടങ്ങളും തടസ്സമാകുന്നുണ്ടെങ്കിൽ അവ ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് മുഖ്യാതിഥിയായി. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. 
ഇടുക്കിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അർപ്പിച്ചുകൊണ്ടാണ് അദാലത്ത് തുടങ്ങിയത്.  ഉദ്ഘാടന സമ്മേളനത്തിൽ 23 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, എ ഡി എം ആശ സി എബ്രഹാം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിനു ഐസക് രാജു, എം വി പ്രിയ,   സബ് കളക്ടർ സമീർ കിഷൻ, തഹസിൽദാർ പി ഡി സുധി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീതാ ബാബു, പി അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജിൻസി ജോളി, പി കെ വേണു ഗോപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എം സി പ്രസാദ്,  ടി ജി ജലജ കുമാരി, മിനി മന്മഥൻ നായർ, രേശ്മ ജോൺസൺ, കെ സുരമ്യ, എസ് അജയകുമാർ, ബിന്ദു ശ്രീകുമാർ, റ്റി കെ തങ്കച്ചൻ, റ്റി റ്റി സത്യദാസ്, നീനു ജോസഫ്, ഗായത്രി ബി നായർ, ആർ രാജുമോൻ, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ,  എന്നിവർ പങ്കെടുത്തു. 

ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് ആരംഭിച്ചു. അദാലത്ത് ദിവസം ഏത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും നിയമവും ചട്ടങ്ങളും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക അധികാരം മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പുതിയ അപേക്ഷകള്‍ സ്വീകരിക്കാൻ  7 കൗണ്ടറുകൾ അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു. അദാലത്തിന് എത്തുന്നവർക്കായി റിസപ്ഷന്‍, അന്വേഷണ കൗണ്ടറുകള്‍, കടിവെള്ളം, ലഘുഭക്ഷണം, വൈദ്യസേവനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

date