അദാലത്തിലെത്തിയ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും കൈത്താങ്ങായി സാമൂഹ്യനീതി വകുപ്പിന്റെ വോളണ്ടിയർമാർ
അദാലത്തിൽ പുതുതലമുറയുടെ കരുതലിന്റെ കയ്യൊപ്പ് ചാർത്തി വിദ്യാർഥികളും. കുട്ടനാട് കരുതലും കൈത്താങ്ങും അദാലത്തിൽ പുതുതലമുറയുടെ കരുതലിന്റെ ഉദാഹരണമായി സാമൂഹിക നീതിസെൽ വിദ്യാർത്ഥികൾ. അദാലത്തിനെത്തിയ ഭിന്നശേഷിക്കാരെയും പ്രായമായവരെയും വീൽ ചെയറിൽ ഇരുത്തി മന്ത്രിമാർക്കരികിലെത്തിക്കുന്നത് മുതൽ ലഘുഭക്ഷണ വിതരണം വരെ എല്ലായിടത്തും പച്ച ടീഷർട്ടണിഞ്ഞ ഏഴംഗ സന്നദ്ധസംഘമുണ്ടായിരുന്നു. എടത്വ സെൻറ് അലോഷ്യസ് കോളേജിലെ സാമൂഹിക നീതി സെല്ലിന്റെ ഭാഗമായ വിദ്യാർഥികളാണ് മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിലെത്തിയവർക്ക് ആശ്വാസമായത്. ടോക്കൺ എടുത്തു കൊടുക്കുക, വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുത്തുക, കുടിവെള്ളം നൽകുക, അദാലത്തിലെത്തുന്നവർക്ക് വഴികാട്ടുക, പരാതി നൽകാൻ സഹായിക്കുക തുടങ്ങി ആവശ്യമായ എല്ലാ സഹായങ്ങളും പുഞ്ചിരിയോടെ നൽകിയ വിദ്യാർഥികൾ സെല്ലിൻ്റെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് അദാലത്ത് വേദിയിലും സേവനനിരതരായത്. ഇംഗ്ലീഷ് വിഭാഗം അസി. ലെക്ചറർ പോൾ ജേക്കബിന്റെ നേതൃത്വത്തിൽ കോളേജിൽ സാമൂഹിക നീതി സെല്ലിൽ 55 ഓളം വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നുണ്ട്. അവരിൽ അലക്സ്, ശരൺ, അലീന, അർജുൻ, കാർത്തിക, അമീന, നന്ദിത എന്നീ ബിരുദ വിദ്യാർഥികളാണ് അദാലത്തിയവർക്ക് കൈത്താങ്ങായി പ്രവർത്തിച്ചത്. ആവശ്യക്കാർക്ക് സേവനം നൽകുന്നതിൽ സന്തോഷമേയുള്ളൂവെന്നും സാമൂഹിക നീതി വകുപ്പ് അറിയിക്കുന്നതനുസരിച്ചാണ് ജില്ലയിലെ പരിപാടികളിൽ സേവനത്തിന് എത്തുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. പ്രായമായവരെയും ഭിന്നശേഷിക്കാരെയും സഹായിക്കുന്നതിലൂടെ വിദ്യാർഥികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കോളേജിലെ സാമൂഹ്യനീതി സെൽ ഓർഡിനേറ്ററായ പോൾ ജേക്കബ് ചൂണ്ടിക്കാട്ടി. പരിപാടികളുടെ വിവരങ്ങൾ സെല്ലിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിക്കുമ്പോൾ കുട്ടികൾ സ്വയം സന്നദ്ധരായി മുന്നോട്ടുവരികയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments