അദാലത്ത് ആശ്വാസമായി: ഒമ്പത് വർഷത്തിന് ശേഷം സഹോദരൻമാർക്ക് കരം അടയ്ക്കാൻ അനുമതി
സഹോദരൻമാരായ ദാമോദരന്റെയും കേശവന്റെയും ഭാര്യമാരായ കുഞ്ഞുമോളും സുധാമണിയും സങ്കടത്തോടെയാണ് കരുതലും കൈത്താങ്ങും അദാലത്തിന് എത്തിയത്. വർഷങ്ങളായ കരം അടയ്ക്കാൻ കഴിയാതിരുന്ന ഇവർക്ക് അദാലത്തിലൂടെ ആശ്വാസം ലഭിച്ചതിനെത്തുടർന്ന് നിറപുഞ്ചരിയോടെ മടങ്ങാനായി.
കുഞ്ഞുമോളുടെ ഭർത്താവായ ദാമോദരന്റെ പേരിലും സുധാമണിയുടെ ഭർത്തവായ കേശവന്റെ പേരിലും കാവാലം വില്ലേജ് ഓഫീസ് പരിധിയിലുള്ള അഞ്ച് സെന്റ് വീതമുള്ള സ്ഥലത്തിന് റീസർവെയെ തുടർന്ന് കരമടക്കാൻ സാധിച്ചിരുന്നില്ല. കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി പി പ്രസാദ് ഇവരുടെ പരാതി പരിഗണിക്കുകയും കാവാലം വില്ലേജ് ഓഫീസിൽ ഇവർക്ക് കരമൊടുക്കുന്നതിന് മന്ത്രി ഉത്തരവാകുകയും ചെയ്തു.
ഞങ്ങളുടെ ഭർത്താക്കൻമാർക്ക് 1985 ലാണ് അവരുടെ അമ്മ കുഞ്ഞാമ്മ അഞ്ച് സെൻ്റ് വീതം ഭൂമി നൽകിയത്. 2015വരെ ഞങ്ങൾ ആ സ്ഥലത്തിന് കരമടച്ചതാണ്. എന്നാൽ റീസർവെയെ തുടർന്ന് ഞങ്ങളുടെ ഭർത്താക്കൻമാരുടെ പേരിലുള്ള സ്ഥലം വേറൊരാളുടെ പേരിലാണ് വില്ലേജ് രേഖകൾ പ്രകാരം കിടന്നിരുന്നത്. തുടർന്ന് ഞങ്ങൾ കരുതലും കൈത്താങ്ങിലും അപേക്ഷ നൽകുകയും ഞങ്ങളുടെ കൈവശം ഉണ്ടായ രേഖകൾ ഹാജരാക്കുകയും ചെയ്തു. തുടർന്ന് മന്ത്രി അദാലത്തിൽ ഞങ്ങളുടെ പരാതി പരിഗണിക്കുകയും റീസർവെയെ തുടർന്ന് ഞങ്ങളുടെ ഭർത്താക്കൻമാരുടെ പേരിൽ നിന്നും നഷ്ടമായ സ്ഥലം തിരിച്ച് അവരുടെ പേരിൽ തന്നെയാക്കുന്നതിനും കരമൊടുക്കുന്നതിനുമായി മന്ത്രി ഉത്തരവായി. ഞങ്ങളാണ് ഉത്തരവ് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയത്. അവർൿ എത്താൻ ആരോഗ്യ കാരണങ്ങളാൽ കഴിയില്ല. ഞങ്ങളെ വളരെയധികം സങ്കടപ്പെടുത്തിയ പ്രശ്നത്തിനാണ് വളരെ പെട്ടന്ന് തീരുമാനമാക്കിയത്.ഒത്തിരി നന്ദി, "സുധാമണി കേശവൻ പറഞ്ഞു.
- Log in to post comments