പൊന്മുടിയിൽ ശുചീകരണ യജ്ഞം
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിൽ ജനുവരി 8ന് ഏകദിന ശുചീകരണ പ്രവർത്തനം നടത്തും. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കേരളം മിഷനും യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ പരിപാടി ഉദ്ഘാടനം ചെയ്യും. വിളപ്പിൽശാല സരസ്വതി കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിലെ 50 വിദ്യാർത്ഥികൾ, ഹരിതകേരളം മിഷൻ, പൊന്മുടി വനസംരക്ഷണ സമിതി, ഹരിതകർമ്മസേന, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. അപ്പർ സാനിട്ടോറിയം, ലോവർ സാനിട്ടോറിയം, എസ്റ്റേറ്റ് റോഡ് എന്നീ സ്ഥലങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ശുചീകരണം. ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കൾ ഹരിതകർമ്മസേന മുഖേന ക്ലീൻ കേരള കമ്പനി വഴി സംസ്‌കരണത്തിന് കൈമാറും. ശുചീകരണത്തിന്റെ ഭാഗമായി ജൈവ അജൈവ മാലിന്യ ശേഖരണത്തിനായി വിവിധയിടങ്ങളിൽ ബിന്നുകൾ സ്ഥാപിക്കും. 'മൈ പൊന്മുടി ക്ലീൻ പൊന്മുടി' ക്യാമ്പയിനിലൂടെ സംഘടിപ്പിക്കുന്ന ശുചീകരണ പരിപാടിയെ തുടർന്ന് പൊന്മുടിയെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കും.
ശുചിയാക്കിയ പ്രദേശത്തിന്റെ സുസ്ഥിരത നിലനിർത്താനായി രണ്ടു മാസത്തിലൊരിക്കൽ ഏകദിന ശുചീകരണവും വിലയിരുത്തലും നടത്തും. മഞ്ഞുമൂടിയ മലനിരകളും സസ്യശാസ്ത്ര സവിശേഷതകളും തണുത്ത കാലാവസ്ഥയും വിസ്മയകരമായ പ്രകൃതി സൗന്ദര്യവും നിറഞ്ഞ പൊന്മുടിയെ സ്വാഭാവിക സവിശേഷതകളോടെ നിലനിർത്താൻ ലക്ഷ്യമിട്ടാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്.
പി.എൻ.എക്സ്. 87/2025
- Log in to post comments