Skip to main content

ജില്ലയിലെ അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു;  ജില്ലയില്‍ ആകെ 26,74,625 വോട്ടര്‍മാര്‍

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2025 ന്റെ ഭാഗമായി 2025 ജനുവരി 1 യോഗ്യതാ തീയതിയായ അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയില്‍ 13 നിയമസഭാമണ്ഡലങ്ങളിലെ 2338 പോളിംഗ് സ്റ്റേഷനുകളിലായി ആകെ 26,74,625 വോട്ടര്‍മാരാണ് ഉളളത്. ഇതില്‍ 12,77,491 പുരുഷ വോട്ടര്‍മാരും 13,97,098 സ്ത്രീ വോട്ടര്‍മാരും 36 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 2024 വര്‍ഷത്തെ അന്തിമപട്ടികയിലെ വോട്ടര്‍മാരുടെ എണ്ണത്തെക്കാള്‍ 83,904 വോട്ടര്‍മാരുടെ വര്‍ദ്ധനവ് ഈ വര്‍ഷം ഉണ്ടായിട്ടുണ്ട്. സമ്മതിദായകരുടെ സ്ത്രീ/ പുരുഷ അനുപാതം 1094. പുതുതലമുറ വോട്ടര്‍മാര്‍ 33,985 (18-19 വയസ്സ്) 26,881 ഭിന്നശേഷി വോട്ടര്‍മാരും 4055 പ്രവാസി വോട്ടര്‍മാരും 1660 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കരട് വോട്ടര്‍പട്ടികയിന്മേലുളള അവകാശങ്ങളും ആക്ഷേപങ്ങളും എല്ലാം തീര്‍പ്പാക്കികൊണ്ടാണ് ജില്ലയിലെ 13 മണ്ഡലങ്ങളിലേയും അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുളളത്.

അന്തിമവോട്ടര്‍പട്ടികയുടെ ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ സി.ജെ ബിനോയ്ക്ക് പട്ടിക കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു. വോട്ടര്‍പട്ടിക ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടേയും അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടേയും വില്ലേജ് ഓഫീസര്‍മാരുടേയും കാര്യാലയത്തില്‍ പ്രസിദ്ധീകരിക്കും. പട്ടികയുടെ പ്രിന്റ് ചെയ്ത ഒരു കോപ്പിയും ഒരു ഡിജിറ്റല്‍ കോപ്പിയും അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സൗജന്യമായി ലഭ്യമാക്കും. ceo.kerala.gov.in എന്ന വെബ്‌സൈറ്റിലും പട്ടികയുടെ ഡിജിറ്റല്‍ രൂപം ലഭ്യമാകും.

date