ചന്ദ്രൻപിള്ള ഹാപ്പിയാണ് : 1980 ൽ ആധാരം ചെയ്ത സ്ഥലത്തിന് പോക്ക് വരവ് ചെയ്ത് നൽകി
ചന്ദ്രൻപിള്ള ഹാപ്പിയാണ്. 1980 ൽ അമ്മ നൽകിയ സ്ഥലത്തിന് കരുതലും കൈത്താങ്ങും അദാലത്തിൽ പോക്ക് വരവ് ചെയ്ത് നൽകി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്.
ഹരിപ്പാട് മുനിസിപ്പാലിറ്റി എട്ടാം വാർഡിലെ താമസക്കാരനാണ് ചന്ദ്രൻപിള്ള. 1980 ൽ അമ്മ 13 സെൻ്റ് സ്ഥലം ചന്ദ്രൻപിള്ളയുടെ പേരിൽ നൽകിയിരുന്നു. എന്നാൽ സ്ഥലം ആധാരം ചെയ്തിരുന്നെങ്കിലും പോക്ക് വരവ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഒമ്പത് മാസങ്ങൾക്ക് മുമ്പ് ഹരിപ്പാട് വില്ലേജ് ഓഫീസിൽ പോക്ക് വരവ് ചെയ്യുവാൻ അപേക്ഷ നൽകിയെങ്കിലും പല വിധ കാരണങ്ങൾ പറഞ്ഞ് അപേക്ഷയിൽ തീരുമാനം വൈകി. തുടർന്നാണ് ചന്ദ്രൻ പിള്ള കാർത്തികപ്പള്ളി താലൂക്കുതല കരുതലും കൈത്താങ്ങിലും അപേക്ഷ നൽകിയത്. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അദാലത്തിൽ പരാതി പരിഗണിക്കുകയും സ്ഥലം പോക്ക് വരവ് ചെയ്ത് നൽകുന്നതിന് ഉത്തരവാകുകയും ചെയ്തു.
"വില്ലേജ് ഓഫീസിൽ പോക്ക് വരവ് ചെയ്ത് നൽകുന്നതിന് അപേക്ഷ നൽകിയെങ്കിലും തീരുമാനമൊന്നും ആയില്ല. എന്നാൽ അദാലത്തിൽ പരാതി കൊടുത്തപ്പോൾ ഒട്ടും കാലവിളംബമില്ലാതെ പോക്ക് വരവ് ചെയ്ത് രസീത് കൈയിൽ കിട്ടി. ഒത്തിരം സന്തോഷം," ചന്ദ്രൻപിള്ള പറഞ്ഞു.
- Log in to post comments