Skip to main content

തിരുവനന്തപുരം മെഡിക്കൽ കോളേജ് സെന്റർ ഓഫ് എക്സലൻസ്: ഔദ്യോഗിക അറിയിപ്പ് ലഭിച്ചു

* വിവിധ പ്രവർത്തനങ്ങൾക്കായി ആദ്യ ഘട്ടത്തിൽ അനുവദിച്ചത് 4 കോടി

* ട്രോമ & ബേൺസ് രംഗത്ത് സ്റ്റേറ്റ് അപെക്സ് സെന്ററായി പ്രവർത്തിക്കും

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന്റെ എമർജൻസി മെഡിസിൻ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേൺസ് ചികിത്സയുടേയും സെന്റർ ഓഫ് എക്സലൻസായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. പരിക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്മെന്റിനുമുള്ള ദേശീയ പരിപാടിയുടെ (NPPMT&BI) ഭാഗമായാണ് രാജ്യത്തെ 8 പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റർ ഓഫ് എക്സലൻസായി തെരഞ്ഞെടുത്തത്. ട്രോമ, ബേൺസ് പരിചരണത്തിനായി കേന്ദ്ര സർക്കാർ ആദ്യമായി പ്രഖ്യാപിച്ച സെന്റർ ഓഫ് എക്സലൻസ് പട്ടികയിൽ തന്നെ ഇടം പിടിക്കാൻ കേരളത്തിനായി. ഡൽഹി എയിംസ്, ഡൽഹി സഫ്ദർജംഗ്, പുതുച്ചേരി ജിപ്മർ, പിജിഐ ചണ്ടിഗഢ് തുടങ്ങിയ രാജ്യത്തെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെട്ടത്. സെന്റർ ഓഫ് എക്സലൻസ് പ്രകാരം ഓരോ വർഷവും രണ്ടു കോടി രൂപ വീതം മെഡിക്കൽ കോളേജിന് ലഭിക്കും. 2024-25 വർഷത്തിൽ 2 കോടിയും 2025-26 വർഷത്തിൽ 2 കോടിയും ഉൾപ്പെടെ 4 കോടി രൂപ ലഭ്യമാകുന്നതാണ്.

സംസ്ഥാനത്തെ ട്രോമ, ബേൺസ് ചികിത്സാ സംവിധാനങ്ങൾ വിപുലപ്പെടുത്താൻ സെന്റർ ഓഫ് എക്സലൻസിലൂടെ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എമർജൻസി കെയറിന്റേയും ബേൺസ് കെയറിന്റേയും സ്റ്റേറ്റ് അപെക്സ് സെന്ററായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തിക്കും. പരിശീലനം, സ്‌കിൽ ഡെവലപ്മെന്റ്, ഗവേഷണം, നൂതനാശയങ്ങൾ, സാങ്കേതികവിദ്യ, നവീന രീതികൾ പിന്തുടരൽ, അവബോധം, ഉപകരണങ്ങൾ എന്നിവയ്ക്കായിരിക്കും സെന്റർ ഓഫ് എക്സലൻസ് തുക വിനിയോഗിക്കുക. സംസ്ഥാനത്ത് സമഗ്ര എമർജൻസി & ട്രോമകെയർ സംവിധാനത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായിരിക്കുമിതെന്നും മന്ത്രി വ്യക്തമാക്കി.

ഈ സർക്കാരിന്റെ തുടക്കകാലത്ത് 2021ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുന്നറിയിപ്പില്ലാതെ മന്ത്രി വീണാ ജോർജ് നടത്തിയ സന്ദർശനമാണ് പുതിയ എമർജൻസി മെഡിസിൻ & ട്രോമകെയർ സംവിധാനം യാഥാർത്ഥ്യമാക്കിയത്. ശാസ്ത്രീയമായ ട്രയാജ് സംവിധാനം, ചെസ്റ്റ് പെയിൻ ക്ലിനിക്, സ്ട്രോക്ക് ഹോട്ട്ലൈൻ, അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ സജ്ജമാക്കി. എയിംസ്, ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ അത്യാഹിത വിഭാഗം സന്ദർശിച്ച് അഭിനന്ദിച്ചു. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക്, സ്പെക്റ്റ് സ്‌കാൻ എന്നിവ സ്ഥാപിച്ചു.

പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ കീഴിൽ ബേൺസ് യൂണിറ്റ് ആരംഭിച്ചു. ബേൺസ് ഐസിയുവിൽ സജ്ജമാക്കിയ തീവ്രപരിചരണ സംവിധാനത്തിലൂടെ അണുബാധയേൽക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗികൾക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. ഇതുകൂടാതെ കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഉടൻതന്നെ ആരംഭിക്കുന്നതാണ്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസർവ് ചെയ്ത് ആവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിൻ ബാങ്കിലൂടെ ചെയ്യുന്നത്.

സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. മന്ത്രി വീണാ ജോർജ് നിരന്തരം മെഡിക്കൽ കോളേജ് സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. ഈ കാലയളവിൽ ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ മെഡിക്കൽ കോളേജ് ഉൾപ്പെട്ടു. മാസ്റ്റർപ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. രാജ്യത്ത് ആദ്യമായി സർക്കാർ മേഖലയിലെ ന്യൂറോ കാത്ത് ലാബ് ഉൾപ്പെട്ട 14.3 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്റർ സജ്ജമാക്കി. മെഡിക്കൽ കോളേജിൽ റോബോട്ടിക് സർജറി ആരംഭിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. രാജ്യത്ത് മെഡിക്കൽ കോളേജുകളിൽ ആദ്യമായി ന്യൂറോ ഇന്റർവെൻഷൻ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിറ്റിക്കൽ കെയർ, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിച്ചു.

പി.എൻ.എക്സ്. 158/2025

date