Skip to main content

സഹകരണ സ്ഥാപനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലം- മന്ത്രി വി. അബ്ദുറഹ്മാൻ സംഘം ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയികളെ ആദരിച്ചു

ലോകത്തിലെ മൂന്നിലൊരു ഭാഗം ജനങ്ങളുടെ ജീവിതം സുരക്ഷിതമാ ക്കാൻ കഴിഞ്ഞ സഹകരണ സ്ഥാപനങ്ങൾ ഈ കാലഘട്ടത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കായിക - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. നിറമരുതൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

ഗ്രാമപ്രദേശങ്ങളിലെല്ലാം സ്വകാര്യബാങ്കുകൾ പിടിമുറുക്കി കഴിഞ്ഞു. സഹകരണ മേഖലയിലുള്ളവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഉണ്ടായ സഹകരണ പ്രസ്ഥാനങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. 

 

എസ്. എസ്. എൽ .സി., പ്ലസ് ടു, എന്നിവയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയവർ, ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, സംസ്ഥാന കായിക-കലാമേളകളിൽ ജില്ലയിൽ നിന്ന് മികച്ച നേട്ടം കൈവരിച്ചവർ എന്നിവർക്കുള്ള ക്യാഷ് അവാർഡ് വിതരണമാണ് മന്ത്രി നിർവഹിച്ചത്. 

 

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ.സനൽ കുമാർ അധ്യക്ഷനായിരുന്നു.  

നിറമരുതൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി ഇസ്മായിൽ, സഹകരണ സംഘം ജോ.രജിസ്ട്രാർ സുരേന്ദ്രൻ ചെമ്പ്ര, സഹകരണസംഘം തിരൂർ അസി.രജിസ്ട്രാർ എ പി പ്രഭാഷ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി പ്രസാദ്, കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി ഉണ്ണികൃഷ്ണൻ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ പി പി രാജേന്ദ്രകുമാർ, അസി.രജിസ്ട്രാർ എം സഹീർ, സൂപ്രണ്ട് എം ജയൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സഹകരണ യൂണിയൻ അംഗം ഇ ജയൻ സ്വാഗതവും അഡീഷണൽ രജിസ്ട്രാർ ഇ നിസാമുദ്ദീൻ നന്ദിയും പറഞ്ഞു. വിവിധ തൊഴിലാളി സംഘടന പ്രതിനിധികൾ, സഹകരണ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date