Skip to main content

പറശ്ശിനിക്കടവ് മുത്തപ്പന്‍ തെയ്യങ്ങള്‍ കാണാന്‍ ട്രിപ്പൊരുക്കി കെ.എസ്.ആര്‍.ടി.സി

കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ വെള്ളാട്ടം, തിരുവപ്പന തെയ്യങ്ങള്‍ കാണാന്‍ അവസരവുമായി കെ.എസ്.ആര്‍.ടി.സി കൊല്ലം ബജറ്റ് ടൂറിസം സെല്‍. ഫെബ്രുവരി 24ന് വൈകീട്ട് കൊല്ലം ബസ്സ്റ്റേഷനില്‍നിന്ന് യാത്ര തിരിക്കുന്ന 'കണ്ണൂര്‍ കാഴ്ചകള്‍' എന്ന ട്രിപ്പിലാണ് മുത്തപ്പ തെയ്യങ്ങളുടെ ദര്‍ശനം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കൂടാതെ ബേക്കല്‍ കോട്ട, പാലക്കയംതട്ട് വെള്ളരിക്കുണ്ട് വെള്ളച്ചാട്ടം, പെറ്റ് സ്റ്റേഷന്‍, പയ്യാമ്പലം, സെന്റ് ആഞ്ചലോ ഫോര്‍ട്ട്, അറക്കല്‍ മ്യൂസിയം, മിഠായിത്തെരുവ്, ബേപ്പൂര്‍ ബീച്ച് എന്നിവയും യാത്രയില്‍ ഉള്‍പ്പെടും. ഒരാള്‍ക്ക് 2800 രൂപയാണ് നിരക്ക്.
കണ്ണൂര്‍ കാഴ്ചകള്‍ക്ക് പുറമെ മറ്റു ഉല്ലാസ യാത്രകളും ബജറ്റ് ടൂറിസം ഈ മാസത്തില്‍ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15ന്റെ വാഗമണ്‍ യാത്ര പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച് രാത്രി 10.30ന് മടങ്ങിയെത്തും. ഉച്ചഭക്ഷണം ഉള്‍പ്പെടെ 1,020 രൂപയാണ് ഒരാള്‍ക്ക് ചെലവ്. 16ന് പാണിയേലിപ്പോര്, പൊ•ുടി ട്രിപ്പുകള്‍ യഥാക്രമം പുലര്‍ച്ചെ അഞ്ചിനും രാവിലെ 6.30നും ആരംഭിക്കും.
ഫെബ്രുവരി 17ന് ഗവി-പരുന്തുംപാറ യാത്ര പുലര്‍ച്ചെ അഞ്ചിന് ആരംഭിക്കും. കുട്ടവഞ്ചി സവാരി, ഉച്ചഭക്ഷണം, പ്രവേശന ഫീസുകള്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. 1750 രൂപയാണ് നിരക്ക്. 19ന് ഗുരുവായൂര്‍ യാത്ര രാത്രി ഒമ്പതിന് പുറപ്പെട്ട് നിര്‍മാല്യ ദര്‍ശന സമയത്ത് ഗുരുവായൂരിലെത്തി ഗുരുവായൂര്‍, മമ്മിയൂര്‍, പുന്നത്തൂര്‍ കോട്ട, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, പറവൂര്‍ ദക്ഷിണ മൂകാംബി എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം അന്ന് രാത്രി തന്നെ മടങ്ങിയെത്തും.
ഫെബ്രുവരി 20ന് പാലക്കാട് യാത്ര രാത്രി ഒമ്പതിന് ആരംഭിച്ച് 21, 22 തീയതികളിലായി പാലക്കാട് കോട്ട, കല്‍പ്പാത്തി അഗ്രഹാരം, മലമ്പുഴ, കൊല്ലങ്കോട് ഗ്രാമം, നെല്ലിയാമ്പതി, പോത്തുണ്ടി ഡാം എന്നിവ കണ്ട ശേഷം മടങ്ങിയെത്തും. 2000 രൂപയാണ് നിരക്ക്. ഫെബ്രുവരി 22ന്റെ മൂന്നാര്‍ യാത്ര പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച് അടുത്ത ദിവസം രാത്രി 12ന് മടങ്ങിയെത്തും.
 ഫെബ്രുവരി 22ലെ മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങള്‍ എന്ന യാത്രയില്‍ ആലുവ ശിവക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, കടുത്തുരുത്തി ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, ചെങ്ങന്നൂര്‍ ശിവ ക്ഷേത്രം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരക്ക് -820 രൂപ.
ഫെബ്രുവരി 23ന്റെ മാംഗോ മെഡോസ് യാത്രക്ക് 1780 രൂപയാണ് ചെലവ്. ബസ്ചാര്‍ജ്, പാര്‍ക്കിലെ പ്രവേശന ഫീസ്, റൈഡുകളിലേക്കുള്ള പ്രവേശന ഫീസ്, പ്രഭാത-ഉച്ച ഭക്ഷണങ്ങള്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. ഫെബ്രുവരി 27ന്റെ കപ്പല്‍ യാത്ര രാവിലെ 10ന് കൊല്ലത്തുനിന്ന് പുറപ്പെടും. ഉച്ച ഭക്ഷണം ഒഴികെയുള്ള എല്ലാ ചെലവുകളും ഉള്‍പ്പെടുന്ന യാത്രക്ക് 4240 രൂപയാണ് നിരക്ക്. അന്വേഷണങ്ങള്‍ക്ക് 9747969768, 9995554409, 7592928817 നമ്പറുകളില്‍ ബന്ധപ്പെടാം.

date