പുനർനിർമ്മിച്ച പുലിമേൽ-ചുനക്കര ബണ്ട് റോഡ് മന്ത്രി സജി ചെറിയാൻ ഇന്ന്(15) നാടിന് സമർപ്പിക്കും
*സംസ്ഥാനത്തെ 90 തീരദേശ റോഡുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും
തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി മാവേലിക്കര നിയോജകമണ്ഡലത്തിൽ പൂർത്തീകരിച്ച നൂറനാട്-പുലിമേൽ ചുനക്കര ബണ്ട് റോഡ്, ഫിഷറീസ്, സാംസ്കാരിക യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് (ഫെബ്രുവരി15) ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് സംസ്ഥാനത്തെ 11 ജില്ലകളിൽ 41 അസംബ്ലി മണ്ഡലങ്ങളിലായി നിർമ്മാണം പൂർത്തീകരിച്ച 90 തീരദേശ റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. വൈകിട്ട് മൂന്ന് മണിയ്ക്ക് പുലിമേൽ ചുനക്കര ബണ്ട് റോഡിൽ നടക്കുന്ന ചടങ്ങിൽ എം.എസ് അരുൺകുമാർ എം.എൽ.എ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും.
95 ലക്ഷം രൂപ ചെലവഴിച്ചാണ് നൂറനാട്- പുലിമേൽ ചുനക്കര ബണ്ട് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കേരളത്തിലെ തീരദേശ മേഖലയുടെ സാമൂഹിക പശ്ചാത്തല വികസനം ലക്ഷ്യമിട്ടുകൊണ്ട് സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ, നവീകരണ പദ്ധതി. കഴിഞ്ഞ സർക്കാര്‍ കാലയളവിൽ സംസ്ഥാനത്ത് 782.95 കോടി രൂപ അടങ്കൽ വരുന്ന 1792 തീരദേശ റോഡുകളുടെ നിർമ്മാണത്തിനുള്ള ഭരണാനുമതിയും ഈ സർക്കാർ അധികാരമേറ്റ് നാലു വർഷത്തിനകം 624 റോഡുകൾ നവീകരിക്കുന്നതിന് 348.08 കോടി രൂപയുടെ ഭരണാനുമതിയും നൽകിയ നിർമ്മാണ പ്രവൃത്തികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.
ഉദ്ഘാടന ചടങ്ങില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ആർ. അനിൽകുമാർ, നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ജില്ലാപഞ്ചായത്ത് അംഗം അഡ്വ. കെ തുഷാര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പുരുഷോത്തമൻ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ. പ്രസന്നകുമാരി, ചുനക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്മി ശ്രീകുമാർ, ചുനക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. അനു, ശ്രീകല സുരേഷ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.രാഘവൻ, ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി.അബ്ദുൽ നാസർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയർ എം.എ മുഹമ്മദ് അൻസാരി തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments