Skip to main content

തൈക്കാട്ടുശ്ശേരിയിൽ ഹൈടെക് അങ്കണവാടി ഒരുങ്ങുന്നു

തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ  കുരുന്നുകൾക്കായി ഹൈടെക് അങ്കണവാടി ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി നിർമ്മിക്കുന്നത്. സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന തൈക്കാട്ടുശ്ശേരി കീഴാറ്റുകടവ് മുപ്പതാം നമ്പർ അങ്കണവാടി കാലപ്പഴക്കംമൂലം ഫിറ്റ്നസ് നഷ്ടപ്പെട്ടതിനെ തുടർന്ന് നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. മൂന്നുവർഷമായി വാടകക്കെട്ടിടത്തിന്റെ പരിമിത സാഹചര്യത്തിൽ തുടരുന്ന അങ്കണവാടിക്ക് സ്വന്തം സ്ഥലത്ത് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. 

ഹൈടെക് അങ്കണവാടിയുടെ എല്ലാവിധ സൗകര്യങ്ങളോടെയും വിഭാവനം ചെയ്തിരിക്കുന്ന കെട്ടിടം പൂര്‍ണ്ണമായും ശിശുസൗഹൃദ രീതിയിലാണ് നിര്‍മിക്കുന്നത്. പഠനമുറി, നിറപ്പകിട്ടാര്‍ന്ന ഇരിപ്പിടങ്ങള്‍, അക്ഷരങ്ങൾ, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയവയെ പരിചയപ്പെടുത്തുന്ന  ചുവരെഴുത്തുകളും ചിത്രങ്ങളും, വിശാലമായ കളിസ്ഥലം, കളി ഉപകരണങ്ങള്‍  തുടങ്ങിയ സൗകര്യങ്ങള്‍ അങ്കണവാടിയില്‍ ഒരുക്കുന്നുണ്ട്.
നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി കെട്ടിടം ഉടന്‍  പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം പി.എസ് ഷാജി അറിയിച്ചു.
(പിആർ/എഎൽപി/456)

date