വെർച്വൽ തൊഴിൽമേള: രജിസ്ട്രേഷന് വിപുല സൗകര്യങ്ങളൊരുക്കി ജില്ലാപഞ്ചായത്ത്
പ്രതീക്ഷയോടെ തൊഴിൽമേളയിൽ പങ്കെടുക്കാനെത്തിയ തൊഴിലന്വേഷകർക്ക് എല്ലാവിധ സഹായങ്ങളുമൊരുക്കി ആലപ്പുഴ ജില്ലാ പഞ്ചായത്തും സർക്കാർ വകുപ്പുകളും. തടസ്സമില്ലാതെയും വേഗത്തിലും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് 20 രജിസ്ട്രേഷൻ കൗണ്ടറുകളാണ് (ജോബ് സ്റ്റേഷനുകൾ) എസ് ഡി കോളേജിൽ ഒരുക്കിയത്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾക്കായി 12 ഉം നഗരസഭകൾക്കായി ആറും രജിസ്ട്രേഷൻ കൗണ്ടറുകൾ ഒരുക്കി. കൂടാതെ സ്പോട്ട് രജിസ്ട്രേഷന് രണ്ട് കൗണ്ടറുകളും ഒരുക്കി. തൊഴിൽമേളയിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഗൂഗിൾ ഫോം പൂരിപ്പിച്ചശേഷം ടോക്കൺ ഐഡിയും ജോബ് ഐഡിയും നൽകുന്ന പ്രവർത്തനമാണ് രജിസ്ട്രേഷൻ കൗണ്ടറുകളിൽ നടന്നത്. രണ്ട് ഹെൽപ്പ് ഡെസ്ക്കുകളും പ്രവർത്തിച്ചു.
500 ഓളം ഉദ്യോഗാർഥികളാണ് രാവിലെ മുതൽ എസ് ഡി കോളേജിൽ എത്തിയത്. ഇവർക്ക് അഭിമുഖത്തിൽ സുഗമമായി പങ്കെടുക്കുന്നതിന് കോളേജ് ജൂബിലി ഹാളിൽ 62 കമ്പ്യൂട്ടറുകളും ഹെഡ്സെറ്റുകളും ഒരുക്കിയിരുന്നു.
തൊഴില്‍മേള വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സിന്റെയും ആരോഗ്യവകുപ്പിന്റെയും സേവനങ്ങളും ഒരുക്കി.
അഭിമുഖം നടത്തുന്ന മുറിയിലേക്ക് ഉദ്യോഗാർത്ഥികളെ വഴികാട്ടുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും എസ് ഡി കോളേജിലെ എൻ.സി.സി., നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സിൻ്റെയും സേവനം ലഭ്യമാക്കി. ഉദ്യോഗാർഥികൾക്കായി കുടിവെള്ളവും ലഘുഭക്ഷണവും ഒരുക്കിയിരുന്നു. വെള്ളിയാഴ്ച നടന്ന വെർച്വൽ ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിന് ആലപ്പുഴയക്ക് പുറമേ മറ്റ് 13 ജില്ലകളിലും ജോബ്സ്റ്റേഷനുകൾ പ്രവർത്തിച്ചു.
(പിആർ/എഎൽപി/458)
- Log in to post comments