Skip to main content

ഉയർന്ന താപനില: ദുരന്ത ലഘൂകരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കടുത്ത വേനലിനെ അതിജീവിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. പ്രധാന മാർക്കറ്റുകൾ, കവലകൾ, ബസ് സ്റ്റാൻഡ് തുടങ്ങി ആളുകൾ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ തണ്ണീർ പന്തലുകൾ സ്ഥാപിക്കണം. കൂടുതൽ അപകട സാധ്യതയുള്ള ഇടങ്ങളിൽ ശരീരം തണുപ്പിക്കാൻ ശീതീകരിച്ച കെട്ടിടങ്ങൾ ഉൾപ്പെടെ സജ്ജമാക്കണം. എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമായ രീതിയിലായിരിക്കണം ഇവ ഒരുക്കേണ്ടത്.  ശുദ്ധമായ കുടിവെള്ള ലഭ്യത എല്ലായിടത്തും ഉറപ്പാക്കണം. ചൂട് മൂലമുള്ള അപകട സാധ്യതകളെക്കുറിച്ച് ആളുകളെ ബോധവാൻമാരാക്കണം.

രൂക്ഷമായ ചൂടനുഭവപ്പെടുന്ന സമയങ്ങളിൽ വൃക്ഷങ്ങളും തണലുമുള്ള പൊതുസ്ഥലങ്ങൾ, പാർക്കുകൾ തുടങ്ങിയവ പൊതുജനങ്ങൾക്ക്  തുറന്നുകൊടുക്കണം.  പ്രായമായവർ, കിടപ്പു രോഗികൾ, മാനസികാരോഗ്യ പ്രശ്നമുള്ളവർ, പുറം ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർക്ക് ഫാൻ, ശീതീകരണ മാർഗങ്ങൾ എന്നിവ ഒരുക്കിക്കൊടുക്കണം.

എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷാ സൗകര്യങ്ങൾ ഉറപ്പാക്കണം. പൊതുകളിസ്ഥലങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. വനാതിർത്തി പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങൾ വനം വകുപ്പുമായും ജലവിഭവ വകുപ്പുമായും സഹകരിച്ച് വനത്തിനകത്ത് ജലലഭ്യത ഉറപ്പാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

date