Skip to main content

ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് രൂപീകരണം:  കോളേജ് പ്രതിനിധികളുമായി യോഗം ചേർന്നു

 ക്യാമ്പസുകളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിച്ച് വിദ്യാർത്ഥികളിൽ സംരംഭകത്വവും വ്യവസായ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്  പദ്ധതിയുമായി ബന്ധപ്പെട്ട് തൃശൂർ കളക്ടറേറ്റിൽ യോഗം ചേർന്നു.

 യോഗത്തിന് ജില്ലാ കലക്ടർ അർജ്ജുൻ പാണ്ഡ്യൻ, തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ് ഷീബ എന്നിവർ നേതൃത്വം നൽകി. ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പദ്ധതി നിർവഹണം, അപേക്ഷ സമർപ്പിക്കൽ, പെർമിറ്റ് ലഭ്യത, സാമ്പത്തിക സഹായം, ഭൂവിനിയോഗം, പദ്ധതി നടപടിക്രമം തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തി.

 സംസ്ഥാന സർക്കാർ ധനസഹായം ഉറപ്പാക്കി   കോളേജുകളുടെ സഹകരണത്തോടെ ഓരോ ക്യാമ്പസിലും ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുന്നതിനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
ഇതിലൂടെ പഠനത്തിനൊപ്പം ജോലിയും  സംരംഭകത്വ പരിശീലനവും കോളേജുകളിൽ ലഭ്യമാകും. ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾക്ക്  കേരളത്തിൽ തന്നെ കാര്യക്ഷമമായ അവസരങ്ങൾ ഒരുക്കുകയാണ് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ. വ്യവസായ ആവശ്യത്തിനുള്ള സ്ഥലത്തിന്റെ ദൗർലഭ്യം പരിഹരിക്കുന്നതിന് ക്യാമ്പസുകളിൽ  ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരള വികസനത്തിന്റെ പുത്തൻ മാതൃക തീർക്കുകയാണ് സർക്കാർ.

 ക്യാമ്പസുകൾക്ക് കീഴിലുള്ള 5 ഏക്കറിൽ കുറയാത്ത സ്ഥലത്താണ് ഇൻഡസ്ട്രിയൽ പാർക്കുകൾ ഒരുങ്ങുന്നത്. രണ്ട് ഏക്കർ വരുന്ന സ്ഥലങ്ങളിൽ  സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളും ആരംഭിക്കും. സർക്കാർ സഹായത്തോടെ പാർക്കുകൾ ആരംഭിക്കുന്നതിന്  ഒരു ഏക്കറിന് 20 ലക്ഷം രൂപ നിരക്കിൽ 1.5 കോടി രൂപ വരെ സർക്കാർ ഗ്രാൻഡ് ആയി അനുവദിക്കും. സംരംഭകത്വ ശീലവും ജോലി ലഭ്യതയും ഉറപ്പാക്കുന്നതിനൊപ്പം  ക്യാമ്പസുകളിൽ നടത്തുന്ന ഗവേഷണങ്ങൾ വ്യവസായ വികസനത്തിൽ പ്രയോജനപ്പെടുത്താനാകും.
 കളക്ടറുടെ ചേംമ്പറിൽ  നടന്ന യോഗത്തിൽ ജില്ലയിലെ 25 ക്യാമ്പസുകളിൽ നിന്നുള്ള പ്രതിനിധികൾ, വ്യവസായ കേന്ദ്രം മാനേജർ ആർ സ്മിത, അസിസ്റ്റന്റ് ജില്ലാ ഇൻഡസ്ട്രിയൽ ഓഫീസർ പി ആർ മിനി, താലൂക്ക് ഇൻഡസ്ട്രിയൽ ഓഫീസർമാരായ സന്ധ്യ, ആർ ശരത്, സുനിത, ദീപ, സുധീഷ് ബോസ്, നവ്യ തുടങ്ങിയവർ പങ്കെടുത്തു.

date