Skip to main content

ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

 വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കായി  ഗർഭാശയ,സ്തനാർബുദ  നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. "നിർണ്ണയം" എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ  നിർവഹിച്ചു.  ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കാൻസർ നേരത്തെ കണ്ടെത്തി മരണനിരക്ക് കുറയ്ക്കുയാണ് പദ്ധതിയിലൂടെ.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് 2024- 25 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഉപയോഗിച്ചാണ്  പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന 5 പഞ്ചായത്തുകളിലും മുഴുവൻ സ്ത്രീകൾക്കും ഗർഭാശയ,ഗള ക്യാൻസർ, സ്തനാർബുദം എന്നിവ കണ്ടെത്തി ചികിത്സ ഉറപ്പാക്കും. ശൈലി ടു ആപ്  സർവ്വേയിലൂടെ  ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരെ കണ്ടെത്തി  ജാക്ക് ടീം മുഖേന കൗൺസലിംഗും, പരിശോധനകളും നടത്തി ക്യാമ്പിൽ പങ്കെടുപ്പിച്ചു .

  വരവൂർ ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്  എൻ രേഖ  ക്യാമ്പിന് നേതൃത്വം നൽകി.  എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ ടോണി   ബോധവൽക്കരണ ക്ലാസും നടത്തി. 150 പേർ ക്യാമ്പിൽ പങ്കെടുത്തു. വരവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന കാൻസർ നിർണയ  ക്യാമ്പിൽ വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  പി പി സുനിത അധ്യക്ഷയായി.    വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ രാധാകൃഷ്ണൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡൻറ്  സി വി സുനിൽകുമാർ, വരവൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ  ജോയ് ജോൺ, ചെയർപേഴ്സൺമാരായ ദീപു പ്രസാദ്,  പി കെ യശോദ, ടി.എ ഹിദായത്തുള്ള, പ്രീതി ഷാജു, ജനപ്രതിനിധികളായഎം. ബി. ബീവാത്തുക്കുട്ടി, വി. കെ. സേതുമാധവൻ  പി എസ് പ്രദീപ്, കെ ജിഷ, പി. കെ. അനിത തുടങ്ങിയവർ പങ്കെടുത്തു.

date