Skip to main content

ഒല്ലൂർ നിയോജക മണ്ഡലത്തിലെ റോഡ് നിർമാണപ്രവൃത്തികൾ അതിവേഗം പൂർത്തീകരിക്കും : മന്ത്രി കെ രാജൻ

 ഒല്ലൂർ നിയോജക മണ്ഡലത്തിൽ തുടങ്ങി വച്ച  റോഡുകളുടെ നിർമാണ പ്രവൃത്തികൾ തടസങ്ങൾ നീക്കി അതിവേഗം  പൂർത്തീകരിക്കാൻ തീരുമാനം. റവന്യു വകുപ്പ് മന്ത്രി കെ രാജൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2025 ന് മുന്നോടിയായി റോഡുകളുടെ നിർമാണം പൂർത്തിയാക്കാനാണ്  യോഗത്തിൽ തീരുമാനമായത്.
ഒല്ലൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിൻ്റെ ഭാഗമായാണ് യോഗം ചേർന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടന്നുകൊണ്ടിരിക്കുന്ന 9 റോഡുകളുടെ നിർമാണ പ്രവൃത്തികളാണ് യോഗം വിലയിരുത്തിയത്.  

പീച്ചി റോഡ് മുതൽ വിലങ്ങന്നൂർ വരെയുള്ള മലയോര ഹൈവേയുടെ ആദ്യ റീച്ച് വിജയകരമായി പൂർത്തികരിച്ചിരുന്നു. രണ്ടാം ഘട്ടമായി പീച്ചി റോഡിനേയും പുത്തൂർ സുവോളിക്കൽ പാർക്കിനേയും ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് കോറിഡോറിനേയും ബന്ധിപ്പിക്കുന്ന ഭാഗവും അതിവേഗം പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പീച്ചി മുതൽ വിലങ്ങന്നൂർ വരെയുള്ള പൂർത്തീകരിച്ച ആദ്യ റീച്ചിൻ്റെ ഉദ്ഘാടനം മാർച്ച് 15 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. പീച്ചി മുതൽ വിലങ്ങന്നൂർ വരെയുള്ള 4 കിലോമീറ്റർ ദൂരമാണ് നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചിരിക്കുന്നത്.

നടത്തറ മൂർക്കനിക്കര കണ്ണാറ റോഡ്,  ശ്രീധരിപാലം, വില ങ്ങന്നൂർ-വെള്ളിക്കുളങ്ങര മലയോരപാത, ഒല്ലൂർ ജംഗ്ഷൻ വികസനം, നെടുപുഴ വെസ്റ്റ് ഫോർട്ട് റോഡ് എന്നീ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് മന്ത്രി വിശദീകരണം തേടി.

 നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പിപി രവീന്ദ്രൻ, മാടത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, ജില്ലാ കളക്ടർ - അർജുൻ പാണ്ഡ്യൻ, എഡിഎം ടി മുരളി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date