കുടുംബശ്രീ 'സര്‍ഗം' ത്രിദിന സംസ്ഥാനതല സാഹിത്യ ശില്‍പശാല; എഴുത്തിന്‍റെ നാനാര്‍ത്ഥങ്ങളും അകംപൊരുളും പകര്‍ന്ന് രണ്ടാം ദിനം
തൃശൂര്‍: എഴുത്തിന്‍റെ നാനാര്‍ത്ഥങ്ങളും അകംപൊരുളും പകര്‍ന്നു നല്‍കി കുടുംബശ്രീ 'സര്‍ഗം' സാഹിത്യ ശില്‍പശാലയുടെ രണ്ടാം ദിനം അര്‍ത്ഥപൂര്‍ണമായി. ജീവിതത്തിന്‍റെ അനിവാര്യതകള്‍ക്കിടയില്‍ സര്‍ഗവാസനകള്‍ ഉള്ളിലെവിടെയോ മാറ്റി വയ്ക്കേണ്ടി വന്നിട്ടും അവസരം ലഭിച്ചാല്‍ പ്രകാശം പരത്താന്‍ കഴിയുന്ന അക്ഷര ദീപങ്ങള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ശില്‍പശാലയില്‍ പങ്കെടുത്തവരുടെ പ്രതികരണങ്ങള്‍.
കരുത്തുറ്റ പ്രഭാഷണങ്ങളും ക്ളാസുകളും കരുത്തുറ്റ ആശയ സംവാദങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ശില്‍പശാലയുടെ രണ്ടാം ദിനവും. മലയാള കഥയും കവിതയും നാടകവും ഭാഷയും അടുത്തറിയാന്‍ സഹായിക്കുന്നതായിരുന്നു ഓരോ സെഷനുകളും. നിരീക്ഷണ പാടവം ഉള്‍ക്കൊള്ളുന്ന ചോദ്യങ്ങള്‍ കൊണ്ട് ശില്‍പശാലയില്‍ പങ്കെടുത്തവരും വേദി സജീവമാക്കി.
മലയാള നോവലിന്‍റെ തുടക്കങ്ങള്‍, നാടകവും സമൂഹവും, ചെറുകഥയും അനുഭവവും, നോവല്‍; ദേശവും സ്ത്രീസാന്നിധ്യവും, മലയാള ചെറുകഥ: ചരിത്രം, വര്‍ത്തമാനം, ഭാവി എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ.കെ.പി മോഹനന്‍, സാംകുട്ടി പട്ടങ്കരി, ജിഷ അഭിനയ, ജിസ ജോസ്, മജീദ് സെയ്ദ്, മിനി പി.സി, പി.രാമന്‍, റഫീക് ഇബ്രാഹിം, ജിന്‍ഷ ഗംഗ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. തുടര്‍ന്ന് ക്യാമ്പില്‍ പങ്കെടുത്തവരുടെ കലാവതരണങ്ങളും അരങ്ങേറി.
- Log in to post comments