Skip to main content

ജില്ലയിലെ പിഎംജിഎസ്‌വൈ പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു

ജില്ലയിലെ പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകളുടെ പ്രോജക്ട് മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു. കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക-ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തി.

ജില്ലയിലെ പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യ രണ്ടു ഘട്ടങ്ങളില്‍ പൂര്‍ത്തിയായ റോഡുകളുടെ വിവരങ്ങള്‍, മൂന്നാം ഘട്ടത്തിലെ പദ്ധതി പുരോഗതി, നാലാം ഘട്ടത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്നിവ അവലോകനം ചെയ്തു. നാലാം ഘട്ടത്തില്‍ തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 52 റോഡുകളും ചാലക്കുടി നിയോജക മണ്ഡലത്തില്‍ 21 റോഡുകളും ആലത്തൂരില്‍ 30 റോഡുകളും ഉള്‍പ്പെടെ 112.17 കിലോ മീറ്ററോളം വരുന്ന 103 റോഡുകളുടെ നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ ജല്‍ ജീവന്‍ മിഷന്‍, കേരള വാട്ടര്‍ അതോറിറ്റി പദ്ധതികളുടെ അവലോകനവും റോഡിന് സ്ഥലം വീതി കൂട്ടി ഏറ്റെടുക്കല്‍, വൈദ്യുതി പോസ്റ്റുകളുടെ മാറ്റിസ്ഥാപിക്കല്‍ എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്തു.

കളക്ട്രേറ്റ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സാറാ സൂര്യ ജോര്‍ജ്ജ് വിഷയാവതരണം നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date