പ്രൈഡ് പദ്ധതിക്ക് 7.98 ലക്ഷം രൂപ അനുവദിച്ച് സാമൂഹ്യ നീതി വകുപ്പ്
* നോളെജ് ഇക്കോണമി മിഷൻ ട്രാൻസ് ജൻഡർ വിഭാഗത്തിന് നൈപുണ്യ പരിശീലനം നൽകും
കേരള നോളെജ് ഇക്കോണമി മിഷൻ ട്രാൻസ്ജെൻഡർ വിഭാഗത്തിലെ വ്യക്തികൾക്കായി നടപ്പിലാക്കിവരുന്ന പ്രൈഡ് പദ്ധതിക്ക് 7.98 ലക്ഷം രൂപ അനുവദിച്ച് സാമൂഹ്യ നീതി വകുപ്പ്. 2024- 25 സാമ്പത്തിക വർഷത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തിനായി വകയിരുത്തിയ ഫണ്ടിൽ നിന്നാണ് തുക ചെലവാക്കുക.
പ്രൈഡ് പദ്ധതിയുടെ ഭാഗമായി പത്ത് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് ഓപ്പറേഷൻ എന്ന കോഴ്സ് നടത്തുന്നതിനായാണ് 798140 രൂപ അനുവദിച്ചത്. നോളെജ് ഇക്കോണമി മിഷന്റെ ട്രെയിനിങ് പാർട്ണറായ അസാപ് കേരള ജിഎം ആർ ഏവിയേഷൻ അക്കാദമിയുമായി ചേർന്നാണ് പരിശീലനം നൽകുന്നത്. കോഴ്സ് ഫീസനത്തിൽ ചെലവാകുന്ന തുകയാണ് അനുവദിച്ചിട്ടുള്ളത്.
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിജ്ഞാനതൊഴിൽ രംഗത്ത് അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോളെജ് ഇക്കോണമി മിഷൻ പ്രൈഡ് പദ്ധതി ആരംഭിച്ചത്. വിദ്യാഭ്യാസ നൈപുണ്യ പ്രതിസന്ധികൾ നേരിടുന്ന ട്രാൻസ് വ്യക്തികൾക്ക് അധിനൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ സജരാക്കുക എന്നതാണ് സർക്കാരി ലക്ഷ്യം.
ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കുവാനുള്ള തൊഴിലിലേക്കെത്താൻ ട്രാൻസ്ജെൻഡേഴ്സ് തൊഴിലന്വേഷകർക്ക് പ്രൈഡ് പദ്ധതി സഹായകമാകുന്നു. സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോഴ്സ് ഏപ്രിൽ ആദ്യവാരത്തോടെ ആരംഭിക്കും. അസാപ്പ് കേരളയുടെ കളമശ്ശേരിയിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ചാണ് പരിശീലനം. ഇതിനു മുന്നോടിയായി ഉദ്യോഗാർത്ഥികൾക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിശീലനവും നൽകുന്നു.
പി.എൻ.എക്സ് 1067/2025
- Log in to post comments