Skip to main content

കാർഷിക സർവകലാശാലയുടെ ‘ കെ അഗ്‌ടെക് ലോഞ്ച്പാഡ് ’ ഉദ്ഘാടനം 14 ന്

കേരള കാർഷിക സർവകലാശാല 'കെ അഗ്‌ടെക് ലോഞ്ച്പാഡ്എന്ന പേരിൽ കാർഷിക ഭക്ഷ്യ അനുബന്ധ വ്യവസായ ഇൻകുബേറ്റർ വെള്ളായണി കാർഷിക കോളേജിൽ സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് 15 കോടിയോളം അടങ്കൽ തുക വകയിരുത്തി കൊണ്ടുള്ള പദ്ധതി ഒരു സർവകലാശാല ഗ്രാന്റായി നേടിയെടുക്കുന്നത്. നബാർഡ്ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാല എന്നിവയുടെ സഹകരണത്തോടെ വലിയ മുതൽമുടക്കിലാണ് ഇൻകുബേറ്റർ ആരംഭിക്കുന്നത്. കാർഷിക സർവ്വകലാശാലയുടെ കീഴിൽ സെക്ഷൻ 8 കമ്പനിയായി രജിസ്റ്റർ ചെയ്യുന്ന ഇൻകുബേറ്റർ പദ്ധതിക്കായി പ്രത്യേക ഭരണസംവിധാനമുണ്ടാകുമെന്നും കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫന്റെയുംകാർഷിക വിജ്ഞാന വിഭാഗം മേധാവി ഡോ. അലൻ തോമസിന്റെയും നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കാർഷിക മേഖലയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ പിന്തുണയും ആശയവൽക്കരണത്തിൽ നിന്നും ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനുള്ള മാർഗനിർദ്ദേശവും അടിസ്ഥാന സൗകര്യങ്ങളും നൽകുകയാണ് കെ അഗ്‌ടെക് ലോഞ്ച്പാഡ് ഇൻകുബേറ്ററിന്റെ പ്രധാന ലക്ഷ്യം. ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാലയുമായുള്ള സഹകരണം വിദേശ രാജ്യങ്ങളിലെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനും അവിടത്തെ പ്രായോഗിക സാങ്കേതിക രീതികൾ അറിയുന്നതിനും മുതൽക്കൂട്ടാവും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കൃത്യമായ കാർഷിക സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും കർഷകർക്കുള്ള സാങ്കേതിക പിന്തുണയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവും വൈവിധ്യവൽക്കരണവും ഉറപ്പാക്കി കർഷകരുടെയും സംരംഭകരുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള സാദ്ധ്യതകൾ കണ്ടെത്തും. കേരളത്തിന്റെ കാർഷിക മേഖലയുടെ സുസ്ഥിര സാമ്പത്തിക സാങ്കേതിക വളർച്ച മുന്നിൽ കണ്ടുള്ള സംരംഭം മേഖലയിലെ നവസംരംഭകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമാകും. പദ്ധതിയിൽ സ്ത്രീ സംരംഭകർക്ക് പ്രത്യേക പരിഗണനയുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.

വെള്ളായണി കാർഷിക കോളേജിൽ മാർച്ച് 14ന് രാവിലെ 11 മണിക്ക് 'കെ അഗ്‌ടെക് ലോഞ്ച്പാഡ്ഇൻകുബേറ്ററിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കും. അഡ്വ. എം. വിൻസന്റ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നബാർഡ് ചെയർമാൻ ഡോ  ഷാജി കെ വികാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ ബി അശോക് തുടങ്ങിയവർ പങ്കെടുക്കും. വെസ്റ്റേൺ സിഡ്നി സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ ജോർജ് വില്യംസ് ഓൺലൈനായി പങ്കെടുക്കും.

പി.എൻ.എക്സ് 1081/2025

date