ശുചിത്വ ടൗണുകളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് പരിശോധന കർശനമാക്കും
സമ്പൂർണ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ ടൗണുകളായും ഹരിത ഇടങ്ങളായും പ്രഖ്യാപിച്ച സ്ഥലങ്ങളിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയരക്ടർ അരുൺ ടി.ജെ ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം സുനിൽകുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ടി.വി സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണത്തിന് ബിന്നുകൾ സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി. വരും ദിവസങ്ങളിൽ കണ്ണൂരിന്റെ വിവിധ ഇടങ്ങളിൽ കൂടുതൽ സംഘങ്ങൾ പരിശോധന നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ പറഞ്ഞു. ജനങ്ങളിൽ മാലിന്യ സംസ്‌കരണത്തിന്റെ അവബോധം ഉണ്ടാക്കിയെടുക്കുക, കച്ചവട സ്ഥാപനങ്ങളിൽ കുട്ടകൾ സ്ഥാപിക്കുക, കഴിഞ്ഞ ആറുമാസക്കാലയാളവിൽ ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തുക എന്നിവയാണ് പരിശോധനയുടെ ലക്ഷ്യങ്ങൾ. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി ശേഖരിച്ചാണ് പരിശോധന നടക്കുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്വീകരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 9446700800 എന്ന വാട്ട്സ്ആപ്പ് നമ്പറിലും പരാതികൾ അറിയിക്കാം.
- Log in to post comments