തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 15 വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക്, എൻഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മാർച്ച് 10ന് ആശുപത്രി അത്യാഹിത വിഭാഗത്തിൽ
ചികിത്സയ്ക്ക് എത്തിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന 15 വയസ്സുകാരന്റെ ജീവനാണ് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്.
രണ്ട് ദിവസമായി കുടുങ്ങിയിരുന്ന ഹാങ്ങർ ഹുക് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. കുട്ടിയുടെ അന്നനാളത്തിൽ സാരമായ ക്ഷതം ഏല്പിച്ച്, ശ്വാസനാളത്തിലും ഞെരുക്കം ഉണ്ടാകാവുന്ന നിലയിൽ ഇരുന്ന ഹുക് എൻഡോസ്കോപ്പിലൂടെ മെറ്റലും, പ്ലാസ്റ്റിക്കും വെവ്വേറെയാക്കിയാണ് പുറത്തെടുത്തത്.
ഇ.എൻ.ടി വിഭാഗം വകുപ്പ് മേധാവിയായ ഡോ.തുളസീധരനും, അനസ്തേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേഷും, സ്റ്റാഫ് നഴ്സുമാരും ഉൾപ്പെടുന്ന ടീമാണ് എൻഡോസ്കോപ്പി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. അപകടനില തരണം ചെയ്ത കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .
- Log in to post comments