മാലിന്യ മുക്തമാകാനൊരുങ്ങി പാലക്കാട് : പൊതുസ്ഥലങ്ങളിലെ മാലിന്യകൂമ്പാരങ്ങള്‍ കുറഞ്ഞു
നിയമ ലംഘകരില്‍ നിന്ന് ഈടാക്കിയത് 54.24 ലക്ഷം
സംസ്ഥാനത്തെ പൂര്‍ണമായും മാലിന്യരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മാലിന്യ മുക്ത നവകേരളം കാംപയിന്റെ പ്രചാരണം മാര്‍ച്ച് 30 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. 2024 ഏപ്രില്‍ മുതലുള്ള കണക്ക് അനുസരിച്ച് പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയതിനും സമാനമായ മറ്റു നിയമ ലംഘനങ്ങള്‍ക്കുമായി 54.24 ലക്ഷം രൂപ പിഴ ഈടാക്കുകയും ഇതില്‍ 37 ലക്ഷം രൂപ ശേഖരിക്കുകയും ചെയ്തു. ജില്ലയിലെ പല പഞ്ചായത്തുകളിലേയും വീടുകളില്‍ നിന്നുമുള്ള മാലിന്യ ശേഖരണം 90 ശതമാനത്തിന് മുകളില്‍ എത്തുകയും പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂമ്പാരങ്ങള്‍ ഗണ്യമായി കുറയുകയും ചെയ്തു. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതാണ് നേട്ടത്തിന് കാരണം. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ തുടങ്ങിയ ഏജന്‍സികളുമായി സഹകരിച്ചാണ് ജില്ലയില്‍ കാംപയിനിങ് നടപ്പിലാക്കുന്നത്.
ഹരിത പദവി നേടി ജില്ലയിലെ 4561 സ്ഥാപനങ്ങള്‍
മാലിന്യ മുക്ത നവകേരളം കാംപയിന്റെ ഭാഗമായി, പാലക്കാട് ജില്ലയിലെ 4561 സ്ഥാപനങ്ങള്‍ക്ക് ഹരിത പദവി (ഗ്രീന്‍ സ്റ്റാറ്റസ്) നേടാന്‍ സാധിച്ചു. സ്ഥാപനങ്ങള്‍ക്ക് ഹരിത പദവി നല്‍കുന്നത് മാലിന്യ സംസ്‌കരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും അവര്‍ കാണിക്കുന്ന മികവിന്റെ അടിസ്ഥാനത്തിലാണ്, അത്തരത്തില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല തുടങ്ങിയവയില്‍ ഉള്‍പ്പെട്ട 4561 സ്ഥാപനങ്ങള്‍ക്കാണ് ഹരിത പദവി ലഭിച്ചിരിക്കുന്നത്. മാലിന്യം ഉറവിടത്തില്‍ വേര്‍തിരിക്കല്‍, ജൈവ-അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കല്‍,പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായി ഒഴിവാക്കല്‍, ഊര്‍ജ്ജ സംരക്ഷണവും പച്ചപ്പ് നിലനിര്‍ത്തലും ഉറപ്പാക്കല്‍ തുടങ്ങിയ മേഖലകളില്‍ കൃത്യമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഹരിത പദവി നല്‍കുന്നത്.
ജില്ലയിലെ ആയിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഹരിത പദവി
ജില്ലയില്‍ 1030 സ്‌കൂളുകളും 98 കോളേജുകളും ഉള്‍പ്പെടെ ആയിരത്തി ഒരുന്നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതിനോടകം ഹരിത കലാലയ പദവി ലഭിച്ചു. ഇത് ജില്ലയിലെ ആകെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജുകള്‍ എന്നിവ ഉള്‍പ്പെടെ) വലിയ ശതമാനം വരും. കൊഴിഞ്ഞാമ്പാറ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, പല്ലശ്ശന വട്ടേക്കാട് എല്‍ പി സ്‌കൂള്‍, തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികച്ച മാതൃകകള്‍ ആണ്. ഉറവിട മാലിന്യ സംസ്‌കരണം, ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കമ്പോസ്റ്റിങ് യൂണിറ്റുകള്‍, അജൈവ മാലിന്യ പരിപാലനം, എന്‍ എസ് എസ്, എന്‍ സി സി, ഗ്രീന്‍ ആര്‍മി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ സഹായത്തോടെയുള്ള ബോധവത്കരണവും വിദ്യാര്‍ത്ഥി പങ്കാളിത്തവും, കാമ്പസിനകത്തും പുറത്തും ശുചീകരണ ഡ്രൈവുകള്‍, സെമിനാറുകള്‍,പോസ്റ്റര്‍ നിര്‍മാണ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ച് ശുചിത്വ ബോധം വളര്‍ത്തല്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം തുടങ്ങിയവ കൊഴിഞ്ഞാമ്പാറ ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് നടപ്പിലാക്കി വരുന്നു.
മാലിന്യ സംസ്‌കരണ മാതൃക പൊതു ഇടങ്ങളിലും
ജില്ലയിലെ പ്രധാനപ്പെട്ട 37 ടൂറിസം കേന്ദ്രങ്ങളില്‍ 20 എണ്ണം ഹരിത പദവി നേടിക്കഴിഞ്ഞു. 216 പൊതുസ്ഥലങ്ങളും 43 മാര്‍ക്കറ്റുകളും 145 ജങ്ഷനുകളും ഇതിനോടകം തന്നെ മാലിന്യ മുക്തമാക്കി. പൊതു ഇടങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും ജൈവ-അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് പകരം വാട്ടര്‍ ഡിസ്പെന്‍സറുകളും സ്റ്റീല്‍ ബോട്ടിലുകളും ലഭ്യമാക്കല്‍, സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിജിലന്‍സ് സ്‌ക്വാഡുകളും, സി സി ടി വി നിരീക്ഷണവും ഉപയോഗിച്ച് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടക്കുന്നു.
ഹരിത കര്‍മ്മ സേനയുടെ ഇടപെടലുകള്‍
മാലിന്യ മുക്ത നവകേരളം കാംപയിനിലൂടെ ഉറവിട മാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പിലാക്കുവാന്‍ ജില്ലയിലെ ഹരിത കര്‍മ്മ സേനയ്ക്ക് സാധിക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘം, വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശേഖരിച്ച് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്) വഴി പുനഃചംക്രമണത്തിനായി എത്തിക്കുന്നു. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് കമ്പോസ്റ്റിങ്, ബയോഗ്യാസ് തുടങ്ങിയ രീതികള്‍ പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക പിന്തുണ നല്‍കുകയും ചെയ്യുന്നു. ഡോര്‍ ടു ഡോര്‍ സേവനം 100 ശതമാനവും ഹരിതമിത്ര അപ്ലിക്കേഷന്‍ വഴി 97 ശതമാനവും ആണ് ഇവരുടെ പ്രവര്‍ത്തനം.
ഹരിത കര്‍മ്മ സേനയുടെ വരുമാനം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 23 ശതമാനത്തിന്റെ വളര്‍ച്ച നേടി. മാലിന്യ സംസ്‌കരണത്തിനായി ശേഖരിക്കുന്ന യൂസര്‍ ഫീ ഇനത്തില്‍ ആണിത്. കൂടാതെ ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവും വര്‍ദ്ധിച്ചു. 2023-24 വര്‍ഷങ്ങളില്‍ 4038 ടണ്‍ ആയിരുന്ന മാലിന്യം 2024-25 (ഫെബ്രുവരി വരെ ) വര്‍ഷത്തില്‍ 5730 ടണ്‍ ആയി ഉയര്‍ന്നു.
എം.സി എഫു കളുടെ ഉപയോഗം കൃത്യം
ജില്ലയില്‍ മാലിന്യ സംസ്‌കരണത്തിനായി ആകെ 109 എം സി എഫുകളാണ് (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി)പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ 90 ശതമാനം വീടുകളില്‍ നിന്നും എം സി എഫി ലേക്ക് മാലിന്യം എത്തുന്നുണ്ട്. 22 പുതിയ എം സി എഫ് പ്രൊജക്ട് സ്ഥാപിക്കുന്നതിനുള്ള നടപടികളും, നിലവിലുള്ള ഏരിയ വര്‍ദ്ധിപ്പിക്കുന്നതിനായി 39 പ്രൊജക്ടുകളും, എം സി എഫ് സ്ഥാപിക്കുന്നതിന് പുതുതായി എട്ട് സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ട നടപടികള്‍ പുരോഗമിക്കുന്നു.
- Log in to post comments