Skip to main content

സുസ്ഥിര വികസനം സാധ്യമാക്കുന്നതില്‍ ഭൂവിനിയോഗാസൂത്രണത്തിന് മുഖ്യ പങ്ക് 'ഭൂവിനിയോഗാസൂത്രണവും സുസ്ഥിര വികസനവും' സെമിനാര്‍ നടന്നു

 

സംസ്ഥാനത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതില്‍ ഭൂവിനിയോഗാസൂത്രണം നിര്‍ണായക പങ്ക് വഹിക്കുന്നതായി 'ഭൂവിനിയോഗാസൂത്രണവും സുസ്ഥിര വികസനവും' എന്ന വിഷയത്തില്‍ സംസ്ഥാന ഭൂനിവിയോഗ ബോര്‍ഡ് സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ അഭിപ്രായപ്പെട്ടു.  ഭൂവിഭവങ്ങളുടെ ആവശ്യകത ദിനം പ്രതി വര്‍ധിക്കുകയാണെന്നും ശാസ്ത്രീയവും ജനപങ്കാളിത്തത്തോടെയുമുള്ള ഭൂവിനിയോഗാസൂത്രണത്തിലൂടെ  സാമൂഹിക നീതി ഉറപ്പാക്കുവാനും ആഘാതങ്ങള്‍ ലഘൂകരിച്ച് പരമാവധി സാമ്പത്തിക നേട്ടം കൈവരിക്കാനും സാധിക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.  സുസ്ഥിരവും സമഗ്രവുമായ വിഭവ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവരങ്ങളും സ്ഥിതി വിവര കണക്കുകളും രൂപപ്പെടുത്തി നല്‍കുന്നതിനും അതു വഴി ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പദ്ധതികള്‍ ശാസ്ത്രീയമാക്കുന്നതിനും ഭൂവിനിയോഗ ബോര്‍ഡ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചതായും സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഭൂവിനിയോഗ ബോര്‍ഡിന്റെ അമ്പതാം വാര്‍ഷിക പരിപാടികളോട് അനുബന്ധിച്ച്  നടക്കുന്ന പ്രകൃതി വിഭവ സംരക്ഷണ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.  പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി.കെ ചാമുണ്ണി അധ്യക്ഷത വഹിച്ചു.
ഭൂവിനിയോ ബോര്‍ഡ് തയ്യാറാക്കിയ 'പുഴയറിവ്' കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. നീര്‍ത്തട ഭൂപടത്തിന്റെ പ്രകാശനം ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റുമായ ഇ. ചന്ദ്രബാബു ജില്ലാ കൃഷി ഓഫീസര്‍ പി. സിന്ധുദേവിക്ക് നല്‍കി നിര്‍വഹിച്ചു.
ഭൂവിനിയോഗ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.എസ് സജീവ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.ഡി സിന്ധു, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ആര്‍ രത്നേഷ്, ഭൂവിനിയോഗ ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ (അഗ്രി) കെ.എം ലക്ഷ്മി, ഭൂവിനിയോഗ ബോര്‍ഡ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് എം.വി ശശിലാല്‍ എന്നിവര്‍ സംസാരിച്ചു.
'കാലാവസ്ഥാനുസൃത നെല്‍കൃഷിയും സുസ്ഥിര വികസവും' എന്ന വിഷയത്തില്‍ നടന്ന ടെക്നിക്കല്‍ സെഷനില്‍ ആലത്തൂര്‍ സീഡ് ഫാം സീനിയര്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ എം.വി രശ്മി ക്ലാസെടുത്തു.  കേരളത്തിലെ നെല്‍പ്പാട വിസ്തൃതി 2005 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 2, 75, 742 ഹെക്ടറില്‍ നിന്നും 1,91,051 ഹെക്ടറായി കുറഞ്ഞതായി അവര്‍ സൂചിപ്പിച്ചു. സാമ്പത്തിക- പാരിസ്ഥിതിക ഘടകങ്ങളും  നയപരവും സാമൂഹികവും തൊഴില്‍പരവുമായ ഘടകങ്ങളുമാണ് ഇതിന് കാരണമെന്നും അവര്‍ സൂചിപ്പിച്ചു.  കീടരോഗ ബാധകള്‍ വര്‍ദ്ധിക്കുന്നതും പുതിയ കീടങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും ജലദൗര്‍ലഭ്യതയും കൃഷിയെ ദോഷകരമായി ബാധിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
'ഭൂമിനിയോഗ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും പാലക്കാട് ജില്ലയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കലും' എന്ന വിഷയത്തില്‍ നടന്ന ടെക്നിക്കല്‍ സെഷനില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗവും മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ സഹ കോര്‍ഡിനേറ്ററുമായ വൈ. കല്യാണകൃഷ്ണന്‍ ക്ലാസെടുത്തു. ജില്ലയിലെ ചെറിയ തോടുകളെയെല്ലാം പുനര്‍ജീവിപ്പിക്കണമെന്നും, മാലിന്യമുക്തമാക്കണമെന്നും, ജലത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

date