മൈലപ്രയില്‍ മോക്ഡ്രില്‍ മാര്‍ച്ച് 19 ന്
റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര ഗ്രാമപഞ്ചായത്തില്‍ മാര്‍ച്ച് 19 ന് രാവിലെ 9.30 മുതല്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക് ഡ്രില്‍ നടത്തുക. ഉരുള്‍ പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും ജില്ലാ പോലിസ്, അഗ്നിസുരക്ഷാ സേന, ആരോഗ്യം, വൈദ്യുതി, ജല അതോറിറ്റി എന്നീ വകുപ്പുകളും സഹകരിക്കും.
മൈലപ്ര കൃഷിഭവനില്‍ ചേര്‍ന്ന പഞ്ചായത്തുകളുടെ ക്ലസ്റ്റര്‍ കോര്‍ഡിനേഷന്‍ യോഗത്തിന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി നേതൃത്വം നല്‍കി. മൈലപ്ര, വെച്ചൂച്ചിറ, പെരുന്നാട്, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രജനി ജോസഫ്, റ്റി കെ ജെയിംസ്, പി എസ് മോഹനന്‍, എ ബഷീര്‍, മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവദാസ്, കില ദുരന്ത നിവാരണ അംഗം ഡോ.എസ് ശ്രീകുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. നീരജ്, പ്ലാനിങ് കോര്‍ഡിനേറ്റര്‍ ശ്രീനിധി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments