Skip to main content

ഭൂതത്താന്‍കെട്ടില്‍ പൊതു -സ്വകാര്യ പങ്കാളിത്തത്തില്‍ 25.412 കോടി രൂപയുടെ ഇറിഗേഷന്‍ - ടൂറിസം പദ്ധതി

ഭൂതത്താന്‍കെട്ടില്‍ പൊതു - സ്വകാര്യ പങ്കാളിത്തത്തോടുകൂടി 25.412 കോടി രൂപ ചെലവഴിച്ച് ഇറിഗേഷന്‍ - ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ അറിയിച്ചു. ആന്റണി ജോണ്‍ എം.എല്‍.എയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശിയരും വിദേശിയരുമായ രണ്ട് ലക്ഷത്തോളം വിനോദ സഞ്ചാരികള്‍ പ്രതിവര്‍ഷം വന്നുപോകുന്ന ഭൂതത്താന്‍കെട്ടില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ള ഇറിഗേഷന്‍ ടൂറിസം പദ്ധതിയെ സംബന്ധിച്ചും പദ്ധതി നടപ്പിലാക്കുമ്പോള്‍ പ്രദേശവാസികള്‍ക്ക് തൊഴിലും, മറ്റ് അനുബന്ധ പരിഗണനയും ഉറപ്പുവരുത്തണമെന്നും വര്‍ഷങ്ങളായി ഈ പ്രദേശത്ത് ടൂറിസവുമായി ബന്ധപ്പെട്ട് ബോട്ടിംഗ് നടത്തിവരുന്നവരെ കൂടി പദ്ധതിയുടെ ഭാഗമാക്കണമെന്നും എം.എല്‍.എ സഭയില്‍ ആവശ്യപ്പെട്ടു. 

 

ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഡാമും അനുബന്ധ ഓഫീസ് കെട്ടിടങ്ങളും ഒഴിച്ചുള്ള പ്രദേശങ്ങളില്‍ പരിസ്ഥിതി സൗഹൃദമായിട്ടാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പദ്ധതിയില്‍ പാര്‍ക്ക് നവീകരണം, പാര്‍ക്കിംഗ് സംവിധാനം, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടി പുതിയ റൈഡുകള്‍, വിനോദസംവിധാനങ്ങള്‍, സ്‌കൈ ട്രെയിന്‍, സംഗീത ജലധാര, ഫോഗ് ജനറേറ്റര്‍, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, റെസ്റ്റോറന്റ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, കടമുറികള്‍, അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ , പ്ലബിങ് , ഇലക്ട്രിക്കല്‍ ജോലികള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

പദ്ധതി നടപ്പിലാക്കുമ്പോള്‍ പ്രദേശവാസികള്‍ക്ക് കൂടി തൊഴിലും മറ്റ് അനുബന്ധ പരിഗണനയും ഉറപ്പുവരുത്തുന്നതും, പ്രദേശത്ത് ബോട്ടിംഗ് നടത്തിവന്നവരെ കൂടി പദ്ധതിയുടെ ഭാഗമാക്കുന്ന കാര്യവും പദ്ധതി പ്രാവര്‍ത്തികമാക്കുന്ന ഘട്ടത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാവുന്നതാണെന്നും മന്ത്രി നിയമ സഭയില്‍ അറിയിച്ചു .

                                                        

date