കൂടെയുണ്ട് കളക്ടർ പദ്ധതി കൂടുതൽ മെച്ചപ്പെടുത്താ൯ പ്രത്യേക പരിഗണന: ജില്ലാ കളക്ട൪
ജില്ലാ കളക്ടറുടെ മുൻപിലെത്തുന്ന പരാതികളുടെയും അപേക്ഷകളുടെയും തൽസ്ഥിതി സ്വയം പരിശോധിക്കാൻ സഹായിക്കുന്ന കൂടെയുണ്ട് കളക്ടർ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് പ്രത്യേക പിരഗണന നൽകുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പദ്ധതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുന്നതിന് എല്ലാ വകുപ്പ് മേധാവികളും പ്രത്യേക ഉദ്യോഗസ്ഥർക്ക് ചുമതല നൽകണം. ഇത് വരെ പൂർത്തിയാകാത്ത ഫയലുകൾ ഒരു മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നും കൃത്യമായ അവലോകനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാതികളും അപേക്ഷകളും പൂർത്തിയാക്കി വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതിനാൽ പൊതുജനങ്ങൾക്ക് ഓഫീസുകളിൽ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാകും. ഇതിനായി കളക്ടറേറ്റിൽ രൂപീകരിച്ചിട്ടുള്ള പബ്ലിക് ഗ്രീവൻസ് സെൽ വഴിയാണ് ഏകോപനം. ജില്ലാ കളക്ടറുടെ കുറിപ്പ് സഹിതം അപേക്ഷകളും പരാതികളും ഓൺലൈനിൽ അപ് ലോഡ് ചെയ്ത് ടോക്കൺ നൽകും. ഇതുപയോഗിച്ച് വീട്ടിലിരുന്ന് തന്നെ തൽസ്ഥിതി അറിയാനും റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാനും കഴിയും.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയിൽ ഇത് വരെ ലഭിച്ചത് ആയിരത്തോളം അപേക്ഷകളാണ്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ തടസങ്ങൾ നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം പ്രത്യേക പരിഗണന നൽകാൻ തീരുമാനിച്ചത്.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, കേരള സ്റ്റേറ്റ് ഐ.ടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ ചിഞ്ചു സുനിൽ ദത്ത് തുടങ്ങിയവർ സംസാരിച്ചു. ഉദ്യോഗസ്ഥർക്കായി നടന്ന പരിശീലന ക്ലാസിന് ഐ.ടി. മിഷൻ സപ്പോർട്ട് എഞ്ചിനീയർ ടി.വൈ സുബീന നേതൃത്വം നൽകി.
- Log in to post comments