Skip to main content
തലശ്ശേരി നഗരസഭ സമ്പൂർണ്ണ ശുചിത്വപ്രഖ്യാപനം നഗരസഭ അങ്കണത്തിൽ നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

മാലിന്യമുക്തമായി തലശ്ശേരി; ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു

തലശ്ശേരി നഗരസഭയെ സമ്പൂര്‍ണ ശുചിത്വ നഗരസഭയായി നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ പ്രഖ്യാപിച്ചു. അലക്ഷ്യമായി മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സമ്പൂര്‍ണ ശുചിത്വം പരിപാലിക്കാന്‍ വ്യാപാരികള്‍ കൈകോര്‍ക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ തള്ളുന്ന കടല്‍പാലത്തും പരിസരത്തും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ കൃത്യമായ പരിശോധനകള്‍ നടത്തണമെന്നും സ്പീക്കര്‍ ആവശ്യപ്പട്ടു. പരിപാടിയില്‍ ശുചിത്വ സര്‍ട്ടിഫിക്കറ്റ് വിതരണവും സ്പീക്കര്‍ നിര്‍വഹിച്ചു. ശുചിത്വ പ്രഖ്യാപനത്തോടെ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും അയല്‍ക്കൂട്ടങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അങ്കണവാടികളും ഹരിത സ്ഥാപനങ്ങളായി. പ്രധാന ടൂറിസം കേന്ദ്രങ്ങളായ തിരുവങ്ങാട് ക്ഷേത്രം, സീ വ്യൂ പാര്‍ക്ക്, തലശ്ശേരി കോട്ട, ഓവര്‍ബെറിസ് ഫോളി, ജഗന്നാഥ ക്ഷേത്രം, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ബംഗ്ലാവ്, കടല്‍ പാലം എന്നിവ ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളായും നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായും പ്രഖ്യാപിച്ചു. എട്ടു ടൗണുകള്‍ ഹരിത ടൗണുകളായി. നഗരത്തിലെ പല ഭാഗങ്ങളായി വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. മാലിന്യമുക്തം നവകേരളത്തിന്റെയും മഴക്കാല പൂര്‍വ ശുചീകരണത്തിന്റെയും ഭാഗമായി 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ രണ്ട് നീര്‍ചാലുകള്‍ ശുചീകരിച്ചു.

നഗരസഭാ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എം. ജമുനാ റാണി അധ്യക്ഷയായി. നഗരസഭാ വൈസ് ചെയര്‍മാന്‍ എം.വി. ജയരാജന്‍, സ്ഥിരം സമിതി അംഗങ്ങളായ ടി.സി. അബ്ദുള്‍ ഖിലാബ്, ഷബാന ഷാനവാസ്, ടി.കെ. സാഹിറ, എന്‍.രേഷ്മ, സി. സോമന്‍, വാര്‍ഡ് മെമ്പര്‍മാരായ സി.ഒ.ടി. ഷബീര്‍, കെ.എന്‍. ശ്രീഷന്‍, എന്‍.മോഹനന്‍, കെ. ലിജേഷ്, എം.പി. സുമേഷ്, മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സി.കെ രമേശന്‍, ക്ലീന്‍ സിറ്റി മാനേജര്‍ എന്‍.ബിന്ദു, തലശ്ശേരി നഗരസഭാ സെക്രട്ടറി എന്‍. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഹരിതകര്‍മ സേനാംഗങ്ങള്‍, നഗരസഭ അംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ ശുചിത്വ വിളംബര ജാഥയും നടന്നു.

date