Skip to main content
ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.

എന്റെ കേരളം പ്രദര്‍ശന വിപണന മേള; ഒരുങ്ങുന്നത് നൂറ് കണക്കിന് പ്രദര്‍ശന വിപണന സേവന സ്റ്റാളുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ മെയ് 3 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരുങ്ങുന്നത് വൈവിധ്യമാര്‍ന്ന പ്രമേയങ്ങളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന നൂറുകണക്കിന് സ്റ്റാളുകള്‍. മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ചേര്‍ന്നൊരുക്കുന്ന തീം, സേവന സ്റ്റാളുകളിലെ ഉള്ളടക്കം, ഡിസൈന്‍, അവതരണ രീതി തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും മേധാവികള്‍  യോഗത്തില്‍ പങ്കെടുത്തു.
വിവിധ മേഖലകളില്‍ കൈവരിച്ച വികസന പദ്ധതികള്‍ മികവോടെ അവതരിപ്പിക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സ്റ്റാളുകളില്‍ അവസരമൊരുക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതിന് സ്റ്റാളുകളില്‍ അവസരമൊരുക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ മേളയിലുണ്ടാവും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ആകര്‍ഷിക്കുന്ന രീതിയില്‍ മേള ആസൂത്രണം ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സൗജന്യ ജലം, മണ്ണ് പരിശോധന, ഭക്ഷണ സാധനങ്ങളുടെ പരിശോധന, ആരോഗ്യ പരിശോധനകള്‍, ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍, രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതിനുള്ള ഡിജി ലോക്കര്‍ രജിസ്‌ട്രേഷന്‍, തുടങ്ങി വിവിധ സേവനങ്ങളില്‍ മേളയില്‍ ലഭ്യമാക്കും. പുസ്തക മേള, കുട്ടികള്‍ക്കായുള്ള എന്റെര്‍ടെയിന്‍മെന്റ് ഏരിയ, ആക്ടിവിറ്റി സോണുകള്‍, ഇ-സ്‌പോര്‍ട്‌സ് സോണ്‍ തുടങ്ങിയവയും മേളയുടെ ഭാഗമായി സജ്ജീകരിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍, ചെടികള്‍, പക്ഷികള്‍, പ്രത്യേക ഇനം വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി നടക്കും. ദുരന്തനിവാരണം, മയക്കുമരുന്നിനെതിരായ പ്രതിരോധം, വിദ്യാര്‍ഥികള്‍ക്കായുള്ള കരിയര്‍- വിദ്യാഭ്യാസ ഗൈഡന്‍സ്, കൗണ്‍സലിംഗ്, വിവിധ സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയും എന്റെ കേരളം മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ഇതിനു പുറമെ, കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന സരസ് മേളയുടെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി മുന്നോറോളം വിപണന സ്റ്റാളുകളും ബീച്ചില്‍ ഒരുക്കും. വിദേശരാജ്യങ്ങളില്‍ നിന്നുള്ള രുചിവൈവിധ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശാലമായ ഫുഡ്‌കോര്‍ട്ടും എല്ലാ ദിവസവും കലാ- സംഗീത പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കും.  

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, ജില്ലാ പോലീസ് മേധാവി അരുണ്‍ കെ പവിത്രന്‍, എഡിഎം സി മുഹമ്മദ് റഫീക്ക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിപി അബ്ദുല്‍ കരീം, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date