ജില്ലയിലെ കുടിവെള്ള വിതരണത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണം- മന്ത്രി കെ.കൃഷണന്‍കുട്ടി ഉഷ്ണ തരംഗം - മണ്‍സൂണ്‍ മുന്നൊരുക്ക അവലോകന യോഗം ചേര്‍ന്നു
വേനല്‍കടുക്കുന്നതിനാല്‍ ജില്ലയില്‍ കുടിവെള്ള വിതരണത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ഉഷ്ണ തരംഗം - മണ്‍സൂണ്‍ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വേനല്‍ കാലത്ത് ജില്ലയില്‍ ജല ലഭ്യതയോടൊപ്പം കുടിവെള്ള വിതരണം മാലിന്യമുക്തമാണെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
ആളിയാര്‍ പദ്ധതി കരാര്‍ പ്രകാരം വെള്ളം ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, വിവിധ ഏരിയകളിലെ ചെക്ക് ഡാമുകള്‍ തിരിച്ചറിയുക, വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് ജലസ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് അഗ്നിരക്ഷാ സേന പരിശോധന നടത്തണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് മന്ത്രി നല്‍കിയത്. ഭൂഗര്‍ഭ ജലത്തില്‍ അടങ്ങിയിരിക്കുന്ന സോഡിയത്തിന്റെ അളവ് കണ്ടെത്തി പട്ടിക തയ്യാറാക്കാനും മന്ത്രി ആവശ്യപ്പെട്ടു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, എം എല്‍ എമാരായ കെ. ഡി പ്രസേനന്‍, പി.പി സുമോദ്, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, എ.ഡി.എം കെ.മണികണ്ഠന്‍, നവകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സൈതലവി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്തുകളില്‍ നിന്നുമുള്ള പ്രസിഡന്റ്-സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments