ജില്ലയിലെ ആദ്യ എ.ബി.സി സെന്ററിൽ ആദ്യ ദിനം 10 ശസ്ത്രക്രിയകൾ
ശസ്ത്രക്രീയ കഴിഞ്ഞ നായ്ക്കളെ നിരീക്ഷണത്തിലാക്കും
ജില്ലയിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾക്കുമായി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിൽ ആരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ (എബിസി) സെന്ററിൽ ശസ്ത്രക്രിയകൾക്ക് തുടക്കമായി.
കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്ന് പിടിച്ച 10 നായ്ക്കളെയാണ് ആദ്യദിവസം ശസ്ത്രക്രിയ ചെയ്തത്. വെറ്റിനറി സർജൻ ഡോ. പി. എസ് ശ്രീജയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി. വി അരുണോദയ, സെന്ററിന്റെ ചുമതലയുള്ള സീനിയർ വെറ്റിനറി സർജൻ ഡോ. കെ. വൈ സണ്ണി എന്നിവർ ശസ്ത്രക്രീയാ നടപടികൾ വിലയിരുത്തി.
ശസ്ത്രക്രിയ പ്രവർത്തനങ്ങളുടെ സഹായത്തിനായി ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, നാല് മൃഗപരിപാലകർ, ഒരു തീയേറ്റർ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായപിടുത്ത സംഘ അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു. ശസ്ത്രക്രിയക്കുശേഷം സെന്ററിലെ കൂടുകളിലേക്ക് മാറ്റുന്ന ആൺ നായ്ക്കളെ നാല് ദിവസവും പെൺ നായ്ക്കളെ അഞ്ചു ദിവസവും നിരീക്ഷണത്തിൽ പാർപ്പിച്ചതിനു ശേഷം കൊണ്ടുവന്ന സ്ഥലത്തുതന്നെ തിരിച്ചെത്തിക്കും. ഇവയെ തിരിച്ചറിയാനായി നായ്ക്കളുടെ ചെവിയിൽ അടയാളവും പതിപ്പിക്കും. പകർച്ചവ്യാധിയുള്ള നായ്ക്കളെ ചികിത്സ നടത്തി മാത്രമേ തിരിച്ചുവിടൂ. ആന്റിബയോട്ടിക് ചികിത്സയും പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പും നൽകും. ഇവയ്ക്കുള്ള ഭക്ഷണവും സെന്ററിൽ നിന്ന് തന്നെയാണ് നൽകുക. ശസ്ത്രക്രിയ നടത്തിയ നായകളുടെ പരിചരണത്തിനായി രാത്രികാലങ്ങളിൽ ഒരു മൃഗപരിപാലകന്റെ സേവനവും സെന്ററിൽ ഉണ്ടാകും. കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ ആക്ഷൻ പ്ലാൻ അനുസരിച്ചാണ് പ്രവർത്തനം. ഓരോ ദിവസവും രാവിലെയും വൈകിട്ടുമായി 10 നായ്ക്കളെ വീതം പിടിച്ച് വന്ധ്യംകരിക്കുവാനാണ് നിലവിൽ പദ്ധതി ഉള്ളത്.
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38,24,000 രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച എബിസി സെന്റർ
കഴിഞ്ഞ വ്യാഴാഴ്ച മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണിയാണ് ഉദ്ഘാടനം ചെയ്തത്. 840 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രധാന കെട്ടിടം, അനുബന്ധ സൗകര്യങ്ങൾക്ക് നിർമ്മിച്ചിരിക്കുന്ന ഷെഡുകൾ, 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവ ഉൾപ്പെടെയാണ് സെന്റർ ഒരുക്കിയിട്ടുള്ളത്.
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളങ്ങര മൃഗാശുപത്രിക്ക് സമീപമാണ് സെന്റർ. കഞ്ഞിക്കുഴി ബ്ലോക്കിനാണ് നിർവഹണ ചുമതല. കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്ക് പഞ്ചായത്തുകളിലെയും ചേർത്തല നഗരസഭയിലെയും തെരുവ് നായ്ക്കളെയാണ് സെന്ററിൽ വന്ധ്യംകരിക്കുന്നത്.
(പി.ആർ/എ.എൽ.പി/1013)
- Log in to post comments