വെജിറ്റബിള്‍ കിയോസ്‌കുമായി കുടുംബശ്രീ
വിഷഹിത പച്ചക്കറികളും തനത് ഉല്‍പ്പന്നങ്ങളും ഒരുക്കി എളവള്ളിയിലെ ആഹാര ശീലങ്ങള്‍ സമൃദ്ധമാക്കുകയാണ് കുടുംബശ്രീ ഒരുക്കുന്ന വെജിറ്റബിള്‍ കിയോസ്‌കിലൂടെ. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ കുടുംബശ്രീ സംരംഭമായ വെജിറ്റബിള്‍ കിയോസ്‌ക് നാടിന് സമര്‍പ്പിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അധ്യക്ഷതവഹിച്ചു.
ഗുണനിലവാരമുള്ള വിഷരഹിത നാടന്‍ പച്ചക്കറികള്‍ക്കൊപ്പം തലമുറ കൈമാറിയ നാടന്‍ രുചികളും കിയോസ്‌കിലൂടെ ലഭ്യമാകും. തനത് വിഭവങ്ങള്‍ ഒരുക്കുന്നതിനുള്ള ഉണ്ണിപ്പിണ്ടി, വാഴ കുടപ്പന്‍, നാടന്‍ കോഴി മുട്ടകള്‍, തൈര്, നെയ്യ്, കൊണ്ടാട്ടങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും കിയോസ്‌ക്കില്‍ ലഭിക്കും.
കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള പച്ചക്കറികളും ഉല്‍പ്പന്നങ്ങളും വിപണനം സാധ്യമാക്കുകയാണ് വെജിറ്റബിള്‍ കിയോസ്‌കിലൂടെ. ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കിയോസ്‌കിനാവശ്യമായ മൂന്ന് മുറികളോടുകൂടിയ കെട്ടിടം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാടക ഒഴിവാക്കി വിട്ടുനല്‍കി. ചിറ്റാട്ടുകര പോള്‍ മാസ്റ്റര്‍ പടിയില്‍ പ്രവര്‍ത്തനമാരംഭിച്ച വെജിറ്റബിള്‍ കിയോസ്‌ക് എളവള്ളി ഗ്രാമ പഞ്ചായത്തിന്റെ വികസന നാള്‍വഴിയില്‍ പുതിയ അദ്ധ്യായമാവുകയാണ്.
- Log in to post comments