Skip to main content

ചുഴലിക്കാറ്റ്, അനുബന്ധ ദുരന്ത പ്രതിരോധ തയ്യാറെടുപ്പ്; മോക്ക് ഡ്രിൽ ഏപ്രിൽ 11ന്

*ടേബിൾ ടോപ് എക്‌സർസൈസ് നടത്തി

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി ഏപ്രിൽ 11ന് സംസ്ഥാനതലത്തിൽ ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനത്തെ 12 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിലാണ് ഒരേ സമയം മോക്ക്ഡ്രിൽ സംഘടിപ്പിക്കുക. ആലപ്പുഴ ജില്ലയിൽ പുറക്കാട് ഗ്രാമപഞ്ചായത്തിലെ തോട്ടപ്പള്ളി ഹാർബർ, ചെറുതന ഗ്രാമപഞ്ചായത്തിലെ ആയാപറമ്പ് എന്നിവിടങ്ങളിലാണ് മോക്ഡ്രിൽ നടക്കുക. രാവിലെ ഒൻപത് മണി മുതൽ തന്നെ മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും.
മോക്ഡ്രില്ലിന് മുന്നോടിയായുള്ള ജില്ലാതല ടേബിൾ ടോപ്പ് എക്സർസൈസ് അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടത്തി. വിവിധ ജില്ലകളുടെ കളക്ടർമാർ,   ദേശീയ,സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു. കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിന് ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി നേതൃത്വം നൽകി.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ(ഐആർഎസ്) പ്രവർത്തനം, കൺട്രോൾ റൂമുകളുടെ പ്രവർത്തനം, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, സൈറണുകളുടെ പ്രവർത്തനം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ-രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ വിലയിരുത്തും. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും സ്വീകരിക്കേണ്ട നടപടികളും എന്തെന്നു വിലയിരുത്തുന്നതിനും മോക്ഡ്രിൽ ഉപകാരപ്പെടും. 
യോഗത്തിൽ ഐആർഎസ് ഉദ്യോഗസ്ഥർ, പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യം, തദ്ദേശ സ്വയംഭരണം, തീരദേശസേന, മോട്ടോർ വാഹന വകുപ്പ് തുടങ്ങി വിവിധ വകുപ്പ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 
(പി.ആര്‍/എ.എല്‍.പി/1065)

date